മൂവാറ്റുപുഴ: നഗരസഭ 25 -ാം വാർഡിലെ കുര്യൻമലയിൽ ജൈവഔഷധസസ്യ ഉദ്യാനം ഒരുക്കും. മൂവാറ്റുപുഴ നഗരസഭയും വനംവകുപ്പും സംയുക്തമായാണ് ഉദ്യാനം ഒരുക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും അടക്കം ഒത്തുചേരുന്നതിനും സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനുമാണ് ഉദ്യാനം നിർമ്മിക്കുന്നത്. പ്രകൃതി സംരക്ഷണവും ലക്ഷ്യങ്ങളിൽപ്പെടുന്നു. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഇതിനായി ജൈവഔഷധസസ്യങ്ങൾ നട്ടുവളർത്തും. ഇരുന്നൂറോളം വൃക്ഷത്തൈകളാണ് പ്രാരംഭഘട്ടത്തിൽ നടുക. അത്തി, ഇത്തി, അരയാൽ, പേരാൽ, ഇലഞ്ഞി തുടങ്ങിയവയും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. ഇരിപ്പിടങ്ങളും ഉണ്ടാകും. ആദ്യ വർഷത്തെ പരിപാലനം വനം വകുപ്പ് ഏറ്റെടുക്കും. പിന്നീട് നഗരസഭ പരിപാലനം തുടരും. വെള്ളവും വെളിച്ചവും അടക്കം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കും. തൈ നടീൽ ഉദ്ഘാടനം 28ന് രാവിലെ 10ന് കുര്യൻമല അങ്കണവാടിക്ക് സമീപം മാത്യു കുഴൽനാടൻ എം.എൽ.എ. നിർവഹിക്കും. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിക്കും. വനംവകുപ്പ് ഡി.സി.എഫ് ജയമാധവൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽസലാം, പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ.രാകേഷ്, കൗൺസിലർമാരായ അമൽ ബാബു, കെ.ജി. അനിൽകുമാർ, ബിന്ദു സുരേഷ് എന്നിവർ സംസാരിക്കും.