മരട്: നഗരസഭയിലെ 30-ാം ഡിവിഷനിൽപ്പെട്ട പ്രദേശത്ത് കായൽ കൈയേറി ഭൂമാഫിയകൾ സ്വകാര്യ സ്ഥലത്തേക്ക് റോഡുനിർമ്മിച്ചു. വില്ലേജ് ഓഫീസർ ഇല്ലാത്ത അവസരം മുതലാക്കി ഇടതൂർന്ന കണ്ടൽക്കാട് വെട്ടിനശിപ്പിച്ചാണ് 10 മീറ്റർ വീതിയിൽ 500 മീറ്റർ നീളത്തിൽ സൗകാര്യ റോഡ് നിർമ്മിച്ചത്.
പ്രദേശത്തെ അറിയപ്പെടുന്ന ഭൂമാഫിയാ സംഘത്തിൽപ്പെടുന്ന രണ്ടുപേരാണ് റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം. നഗരസഭയുടെ അധീനതയിലുള്ള അബ്ദുൾ കലാം പാർക്കിന് സമീപത്തു നിന്ന് തുടങ്ങുന്ന റോഡ് മത്സ്യത്തൊഴിലാളികൾ വഞ്ചി അടുപ്പിക്കുന്ന പഴയ ജെട്ടിക്കു സമീപത്തായാണ് അവസാനിക്കുന്നത്. ഭൂമിവാങ്ങി പ്ലോട്ടുകളാക്കി മുറിച്ച് വില്പന നടത്തുന്ന മാഫിയാ സംഘം റോഡ് ചെന്നവസാനിക്കുന്ന പ്രദേശത്ത് രണ്ട് ഏക്കറിലധികം വരുന്ന രണ്ടു പുരയിടങ്ങൾ വിലക്കുവാങ്ങിയിരുന്നു.
രേഖകൾ പ്രകാരം വഴിയില്ലാത്ത ഈ ഭൂമിയിലേക്കാണ് കായൽ പുറംപോക്കു കൈയേറി അനധികൃത റോഡു നിർമ്മിച്ചിരിക്കുന്നത്. ആയിരത്തിലധികം കണ്ടൽ മരങ്ങൾ വെട്ടിനശിപ്പിച്ചതായാണ് സൂചന. ഒരേക്കറോളം കായൽ പുറംപോക്കും കൈയേറിയതായി പ്രദേശവാസികൾ പറയുന്നു. വെട്ടിനശിപ്പിച്ച കണ്ടൽ തടികൾ രാത്രിയിൽ വാഹനങ്ങളിൽ കയറ്റി നീക്കം ചെയ്തു. നെട്ടൂരിൽ ഭൂമാഫിയ നടത്തുന്ന കായൽ കയേറ്റത്തിനും പരിസ്ഥിതി നശീകരണത്തിനും അനധികൃത സ്വകാര്യ റോഡ് നിർമ്മാണത്തിനും എതിരെ നഗരസഭ, വില്ലേജ് ഓഫീസർ, തഹസിൽദാർ, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകുമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം എം.കെ. സുരേഷ് കുമാർ അറിയിച്ചു.