മരട്: നഗരസഭയ്ക്ക് കീഴിലെ നെട്ടൂർ പി.എച്ച്.സിയിൽ ഐസൊലേഷൻ വാർഡിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. പ്രഥമ സൈറ്റ് ഇൻസ്പെക്ഷൻ മുമ്പ് നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യപരമായ കാര്യങ്ങളിൽ അതീവ ജാഗ്രത നൽകുന്നതിനായി ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിന്റെ നടപടികൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നെട്ടൂർ പ്രൈമറി ഹെൽത്ത് സെന്ററാണ് ഐസൊലേഷൻ വാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത് ബെഡ് വീതമുള്ള ഈ സജ്ജീകരണത്തിന് ഡോക്ടർ, നഴ്സ്, സ്റ്റാഫ് എന്നിവർക്കുള്ള മുറികളും ഓക്സിജൻ സജ്ജീകരണങ്ങളും ഉണ്ടായിരിക്കും. 1.79 കോടി രൂപ പദ്ധതി ചെലവ് വരുന്നതിൽ എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടുമാണ് പ്രയോജനപ്പെടുത്തുന്നത്.
കെ. ബാബു എം.എൽ.എ, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവിലവീട്, കിഫ്ബി ടെക്നിക്കൽ അസിസ്റ്റന്റ് ജിജിൻ (കെ.എം.എസ്.സി.എൽ), കിഫ്ബി പ്രോജക്റ്റ് അസോസിയേറ്റ് ഗ്രിഗറി പി. മാത്യു (കെ.എം.എസ്.സി.എൽ), മെഡിക്കൽ ഓഫീസർ ജീന, എച്ച്.എസ് ഷാജു എന്നിവർ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു.