
കൊച്ചി: ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും പൂട്ടണമെന്നും പ്രവർത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഹൈക്കോടതി. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഉത്തരവു നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു.
വാണിജ്യാവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ പ്രാർത്ഥനാഹാൾ തുടങ്ങാൻ കളക്ടർ അനുമതി നിഷേധിച്ചതിനെതിരെ മലപ്പുറം തൊട്ടേക്കാട് നൂറുൽ ഇസ്ളാം സാംസ്കാരിക സംഘം നൽകിയ ഹർജി തള്ളിയാണ് വിധി.
2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 1018 വില്ലേജുകളാണുള്ളത്. 29,565 ആശുപത്രികളുമുണ്ട്. 1,01,140 ആരാധനാലയങ്ങളാണുള്ളത് - ആശുപത്രികളുടെ മൂന്നര മടങ്ങ്. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ 36 പള്ളികൾ ഉള്ളപ്പോഴാണ് ഹർജിക്കാർ പുതിയൊരു പ്രാർത്ഥനാഹാൾ ആവശ്യപ്പെട്ടത്. ഇതിനു അനുമതി നൽകിയാൽ മതസൗഹാർദ്ദത്തെ ബാധിക്കാനിടയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ ആരാധനാലയങ്ങൾക്ക് ഇനിയും അനുമതി നൽകിയാൽ മനുഷ്യർക്ക് വാസസ്ഥലമില്ലാതെയാകും. ഇവയ്ക്ക് അനുമതി നൽകുന്നതിൽ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ജാഗ്രത പാലിക്കണം.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ
ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകുന്നതിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ചീഫ് സെക്രട്ടറി ഇതിന് ഉത്തരവിറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ അനുമതി നൽകാവൂ. തൊട്ടടുത്ത ആരാധനാലയങ്ങളുമായുള്ള ദൂരം ഉൾപ്പെടെയുള്ള വസ്തുതകൾ പരിഗണിക്കണം. മറ്റാവശ്യങ്ങൾക്ക് നിർമ്മിച്ച കെട്ടിടങ്ങൾ ആരാധനാലയമാക്കാൻ അനുമതി നൽകരുതെന്ന് ഉത്തരവിടണം. അത്യപൂർവ സാഹചര്യങ്ങളിലേ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാവൂ. അനുമതി നൽകുമ്പോൾ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോർട്ട് പരിഗണിക്കണം. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നൽകണം.
വയലാറും മഹദ് വചനങ്ങളും
'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു" എന്നൊരു മനോഹരഗാനം വയലാർ എഴുതിയിട്ടുണ്ട്. കവി ഇന്നുണ്ടായിരുന്നെങ്കിൽ 'മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു" എന്നതിന് പകരം 'മതങ്ങൾ ആരാധനാലയങ്ങളെ സൃഷ്ടിച്ചു" എന്നു തിരുത്തിപ്പാടുമായിരുന്നെന്നും സിംഗിൾബെഞ്ച് പറഞ്ഞു. ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാൾ ഒരുമിച്ചു നമസ്കരിക്കുന്നത് 27 മടങ്ങ് ശ്രേഷ്ഠമാണെന്നും പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് വയ്ക്കുന്ന ഓരോ ചുവടും പാപങ്ങൾ മായിച്ചു കളയുമെന്നും മഹദ്വചനങ്ങൾ പറയുന്നു. എന്നാൽ മുക്കിലും മൂലയിലും പള്ളികൾ വേണമെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നില്ല. മത, ജീവ കാരുണ്യ സ്ഥാപനങ്ങൾ തുടങ്ങാൻ ഭരണഘടന എല്ലാ മതങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. അത് എല്ലായിടത്തും സ്ഥാപനങ്ങൾ തുടങ്ങാനുള്ള അനുമതിയല്ല. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് മുക്കിലും മൂലയിലും ആരാധനായലങ്ങൾ ആവശ്യമില്ല.