sreekumaran-nair

ആലുവ: ആർ.എസ്.പി ജില്ലാ സമ്മേളനം തോട്ടുമുഖം വൈ.എം.സി.എ ഹാളിൽ ആരംഭിച്ചു. സമ്മേളന നഗരിയിൽ മണ്ഡലം സെക്രട്ടറി ജി.വിജയൻ പതാക ഉയർത്തി. ജില്ലാ നേതൃയോഗം കേന്ദ്ര കമ്മിറ്റി അംഗം വി. ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്താശയോടെ ജി.എസ്.ടി കൗൺസിൽ എടുത്ത തീരുമാനമാണെന്ന് വി. ശ്രീകുമാരൻ നായർ ആരോപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.റെജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 'ഭരണഘടന പ്രതീക്ഷയും പ്രതിസന്ധിയും' എന്ന വിഷയത്തിലെ സിംപോസിയം അഡ്വ. പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം അജിത് പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബേബി പാറേക്കാട്ടിൽ, കെ.പി. ഗോവിന്ദൻ, എച്ച്.വിൽഫ്രഡ്, എ.എസ്. ദേവ പ്രസാദ് എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. ബാബു ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. 'കേരള സർക്കാരിന്റെ ധനധൂർത്തും ഇടതുപക്ഷ നയവ്യതിയാനവും' എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ, അഡ്വ. എ. ജയശങ്കർ എന്നിവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുൻമന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.റെജികുമാർ, ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, ജില്ലാ നേതാക്കളായ വി.ബി. മോഹനൻ, എസ്. ജലാലുദ്ദീൻ, എം.കെ.എ. അസീസ്, കെ.ടി.വിമലൻ, സുനിത ഡിക്‌സൺ എന്നിവർ സംസാരിക്കും.

14 മണ്ഡലം കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 215 പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. 31 അംഗ ജില്ലാ കമ്മിറ്റിയെയും 41 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും.