1

ഫോർട്ടുകൊച്ചി: അപകട മുനമ്പായി ബോട്ട് ജെട്ടികൾ. റോ റോ ബോട്ട്ജെട്ടിയാലാണ് അപകടം പതിയിരിക്കുന്നത്. ഏഴു വർഷം മുമ്പുണ്ടായ വൻ ദുരന്തത്തിൽ നിന്ന് പാഠമുൾക്കൊള്ളാതെ ഇന്നും ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണ് അധികൃതർ.

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. അമിത വേഗതയിൽ വന്ന മത്സ്യബന്ധന വള്ളം ഇടിച്ച് ഏഴ് വർഷം മുമ്പ് യാത്രാബോട്ട് നെടുകെ പിളർന്ന് 11 ജീവനുകൾ പൊലിയുകയായിരുന്നു.

ഇപ്പോഴും ജെട്ടിയുടെ ഇരുവശത്തുമായി ചെറുതും വലുതുമായ മത്സ്യബന്ധന വള്ളങ്ങൾ കെട്ടുകയാണ്. ബോട്ടുകൾക്കും വള്ളങ്ങളും അടുക്കുന്നതിന് സമീപത്തായി ജെട്ടികളും ഹാർബറുകളും ഉണ്ടെങ്കിലും ഇവിടെ വള്ളങ്ങൾ അടുപ്പിക്കാതെയാണ് റോ- റോ ജെട്ടിയോട് ചേർന്ന് വള്ളങ്ങൾ അടുപ്പിച്ച് മത്സ്യം ഇറക്കുന്നതും വലകൾ തുന്നതുമടക്കം ചെയ്തു വരുന്നത്. അടുത്തിടെ റോ-റോ ജങ്കാർ ജെട്ടിയോട് അടുപ്പിക്കവേ വള്ളം അമിത വേഗത്തിലെത്തിയെങ്കിലും ജങ്കാർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായിരുന്നു. ഇന്നലെ റോ റോ വെസൽ എടുക്കുമ്പോൾ വള്ളവും എടുത്തത് ആശങ്ക പരത്തി.