rajagiri

ആലുവ: ആസ്‌ട്രേലിയൻ മലയാളികൾക്കായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ആസ്‌ട്രേലിയ ഘടകവും ആലുവ ആസ്ഥാനമായ രാജഗിരി ആശുപത്രി ഗ്രൂപ്പും ചേർന്ന് രൂപം കൊടുത്ത ഫാമിലി കണക്ട് പദ്ധതി നിലവിൽവന്നു.
ആരോഗ്യ മേഖലയിൽ മുന്നിലുള്ള ആസ്‌ട്രേലിയയിലെ വിദഗ്ധ ഡോക്ടർമാരുമായി മെഡിക്കൽ റിപ്പോർട്ടുകൾ ചർച്ചചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതാണ് പദ്ധതി. വെബ്‌സൈറ്റിലൂടെ ഡിസ്‌ക്‌ളൈമർ പോളിസി അംഗീകരിച്ച് അയയ്ക്കുന്ന ചികിത്സാ സംശയങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും. 50 സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടന്ന് രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൻ വാഴപ്പിള്ളി പറഞ്ഞു.
ആസ്‌ട്രേലിയയിൽ കഴിയുന്ന മലയാളിയുടെ മാതാപിതാക്കളുടെ ആരോഗ്യപരമായ മുഴുവൻ കാര്യങ്ങളും അവിടെ നിന്ന് ഏകോപിപ്പിക്കാൻ പദ്ധതിയിലൂടെ കഴിയും. മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ പ്രശ്‌നങ്ങൾ വിദഗ്ധരുമായി ഹോട്ട്ലൈനിൽ നേരിട്ട് പങ്കുവയ്ക്കാം.
പദ്ധതിയിൽ പങ്കാളിയാകാനുള്ള അവസരം ആസ്‌ട്രേലിയയിലെ മലയാളി സംഘടനകൾക്കുമുണ്ടെന്ന് ദേശീയ കോ ഓർഡിനേറ്റർ ബിനോയ് തോമസ് പറഞ്ഞു. അന്തർ ദേശീയ ചികിത്സാ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രാജഗിരിയെ തിരഞ്ഞെടുത്തതെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് പറഞ്ഞു.പദ്ധതി ലോഗോ പ്രകാശനം ആസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽ സ്പീക്കർ കാർട്ടിസ് പിറ്റ് നിർവഹിച്ചു. ഫോൺ: 0401291829.