കൊച്ചി: കോട്ടയം നഗരത്തിൽ ജനങ്ങൾക്കു ഭീഷണിയായി മാറിയ ആകാശപാത പൊളിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ എ.കെ. ശ്രീകുമാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ മുൻമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉപഹർജി നൽകി. ആകാശപാതയുടെ ഏഴു തൂണുകൾ തുരുമ്പിച്ചു പൊളിഞ്ഞു വീഴാറായെന്നും ഇതു ഏതു സമയവും നിലം പൊത്താമെന്നുമുള്ള ഹർജിക്കാരന്റെ ആരോപണങ്ങൾ പൂർണമായും ശരിയല്ലെന്ന് തിരുവഞ്ചൂരിന്റെ ഹർജിയിൽ പറയുന്നു. ആകാശ പാത സമയബന്ധിതമായി പണി പൂർത്തിയാക്കണം. കോട്ടയം നഗരത്തിൽ അഞ്ചു റോഡുകൾ ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ ആളുകൾക്ക് റോഡ് മുറിച്ചു കടക്കാൻ ഇതിനേക്കാൾ മികച്ച ബദൽ പദ്ധതിയില്ല. ദിനം പ്രതി 30,000 ലേറെ കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന മേഖലയാണിത്. മുനിസിപ്പൽ ജംഗ്ഷനിൽ അഞ്ചു കോടി രൂപ ചെലവിട്ട് സ്കൈ വാക്ക് പദ്ധതി നടപ്പാക്കാൻ 2016 ലാണ് സർക്കാർ അനുമതി നൽകിയത്. പിന്നീട് 5.18 കോടി രൂപയാക്കി എസ്റ്റിമേറ്റ് പുതുക്കിയെന്നും ആകാശപാതയിലേക്ക് കയറുന്നതിനുള്ള പടികളും ലിഫ്റ്റുകളും ഒരുക്കുന്നതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂരിന്റെ ഹർജിയിൽ പറയുന്നു. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ആർക്കും പ്രയോജനമില്ലെങ്കിൽ ആകാശപാത പൊളിച്ചു കളഞ്ഞൂടേയെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ആരാഞ്ഞിരുന്നു.