വൈപ്പിൻ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരദേശ മേഖലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സെപ്തംബർ മൂന്നിന് ചിത്ര രചന, പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിക്കും. എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ പത്തിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായാണ് ചിത്രരചന മത്സരം. പോസ്റ്റർ നിർമ്മാണ മത്സരം യു. പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ളതാണ്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനിക്കും. വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ 31നകം ddfisheriesekm@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 8848853372, 9526698942.