വൈപ്പിൻ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ കാമ്പയിനുമായി വിദ്യാർത്ഥികൾ. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വാർഷികാഘോഷം നടത്തിയത്. ലഹരിയുടെ പിടിയിൽ അകപ്പെടുന്നവരുടെ ജീവിതാവവസ്ഥ മൂകാഭിനയമായി അവതരിപ്പിച്ചായിരുന്നു പരിപാടിയുടെ തുടക്കം. തുടർന്ന് ഫ്‌ളാഷ് മോബും ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനവും വിവിധ കലാപരിപാടികളും അരങ്ങേറി. ലഹരിവിരുദ്ധ പോരാട്ട കാഹളമുയർത്തി

റെയിൽവേ ഉദ്യോഗസ്ഥരും എസ്.പി.സി കേഡറ്റുകളും രക്ഷകർത്താക്കളും ബലൂണുകൾ പറത്തി. തുടർന്ന് പൊതിച്ചോറുകൾ വിതരണം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ആർ.പി.എഫ് പോസ്റ്റ് കമാൻഡർ മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ വിജയൻ, എസ്.പി.സി കോർ ടീം അംഗം ഷൈജി രാജേഷ്, അദ്ധ്യാപകരായ ആർ. നിഷാര, സുനിൽ മാത്യു എന്നിവർ സംസാരിച്ചു.