തൃക്കാക്കര: സംസ്ഥാനത്തെ ഏറ്റവും വരുമാനമുളള നഗരസഭയായ തൃക്കാക്കരയിൽ കോടിക്കണക്കിന് രൂപയുടെ ചെക്കുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തൽ. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കെട്ടിട നികുതി, തൊഴിൽ നികുതി,നഗരസഭാ കെട്ടിടങ്ങളുടെ വാടക, ടൗൺ ഹാളിന്റെ വാടക, പെർമിറ്റ് ഫീസ്,ലൈസൻസ് ഫീസ് എന്നീ ഇനങ്ങളിൽ നഗരസഭക്ക് ലഭിച്ച 4,20,62,678 കോടി രൂപയുടെ ചെക്കുകളാണ് കാലാവധി കഴിഞ്ഞും നഗരസഭയിൽ കെട്ടിക്കിടക്കുന്നത്.
ഈ തുക നിയമപരമായി ഈടാക്കാൻ നഗരസഭയ്ക്ക് സാധിക്കില്ല. 2020-21 വർഷം നഗരസഭയ്ക്ക് പണം കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ കണക്കുകളില്ല. വിവിധ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും എടുക്കാകാവുന്ന ഫിക്സഡ് ഡെപ്പോസിറ്റുകളായാണ് സൂക്ഷിച്ചിരിക്കുന്നത്.
ഓൺലൈൻ അക്കൗണ്ട് സൂക്ഷിക്കുന്ന എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പാസ് ബുക്ക് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കിയില്ല. 61,38,176 രൂപയുടെ ചെക്ക് പരിശോധനയിൽ കണ്ടെത്താനായില്ല. നഗരസഭയുടെ യൂണിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് മൂന്ന് ചെക്കുകളിലായി 48,46.390 രൂപ വന്നതായി കണ്ടെത്തി. ഇതിന്റെ ശ്രോതസ് വ്യക്തമല്ല. നഗരസഭയിൽ 2021-22 വർഷത്തെ സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്നത് സുതാര്യമല്ലെന്ന് ഓഡിറ്റ് വിഭാഗം. സ്ഥിരനിക്ഷേപം ഇനത്തിൽ 4.2 കോടി രൂപക്ക് കണക്കില്ല. ഫ്ളക്സി അക്കൗണ്ടിൽ നിന്ന് അംഗീകാരമില്ലാത്ത പ്രവൃത്തികൾക്ക് കോടികൾ പിൻവലിച്ചതായി കണ്ടെത്തി.