amballur
ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്കിനു വേണ്ടി സർക്കാർ ഏറ്റെടുത്ത സ്ഥലം

 ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിന് സ്ഥലം വിട്ടുനൽകിയവർ പെരുവഴിയിൽ

കൊച്ചി: വമ്പൻ പ്രതീക്ഷകളും പ്രഖ്യാപനങ്ങളുമായി തുടങ്ങിയ ആമ്പല്ലൂർ ഇലക്ട്രോണിക്‌സ് ഹാർഡ് വെയർ പാർക്ക് പദ്ധതി ഇന്ന് എവിടെ എത്തിയെന്ന ചോദ്യത്തിന് ആ‌ർക്കും മറുപടിയില്ല. ഏറ്റെടുത്ത 100 ഏക്കർ നെൽവയൽ കാടുകയറി നശിക്കുകയാണ്. കേരളത്തെ ഇലക്ട്രോണിക്സ് ഹാർഡ് വെയർ മാനുഫാക്ചറിംഗ് ഹബായി മാറ്റുമെന്ന് വാഗ്ദാനവുമായി പാർക്കിന്റെ പ്രഖ്യാപനം കഴിഞ്ഞ് ഒന്നരപതിറ്റാണ്ട് പിന്നിട്ടു.


 ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക്

ഇലക്ട്രോണിക്‌സ് ഹാർഡ് വെയർ സാധനങ്ങൾ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2005ലാണ് ആമ്പല്ലൂരിൽ ഇലക്ട്രോണിക്സ് പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം. 600 കോടി മുതൽ മുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും.

2010ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ സ്ഥലം ഏറ്റെടുക്കുവാൻ നടപടി തുടങ്ങി. കെ.എസ്.ഐ. ഡി.സിക്കും റവന്യൂവകുപ്പിനുമായിരുന്നു ചുമതല. ആമ്പല്ലൂർ ചിറയ്ക്കൽ, മാന്തുരുത്ത്, ഉദയംപേരൂരിലെ പുത്തൻകാവ് എന്നിവിടങ്ങളിൽനിന്ന് തുടക്കത്തിൽ 540 കർഷകരിൽ നിന്നായി 334 ഏക്കർഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒടുവിൽ 100 ഏക്കറായി ചുരുക്കി. 107 പേരിൽ നിന്നാണ് സ്ഥലം ഏറ്റെടുത്തത്. ഇതുവരെ 54.47 കോടി രൂപ സ്ഥലമെടുപ്പിനായി ചെലവാക്കി. സ്ഥലം വിട്ടു നൽകിയവർക്ക് പൊന്നും വില പ്രകാരം സെന്റിന് 60,000 രൂപയായിരുന്നു വാഗ്ദാനം. 12 പേ‌ർക്ക് മുഴുവൻ തുകയും 8 പേർക്ക് 50 ശതമാനവും നൽകി. ബാക്കിയുള്ളവർക്ക് പണം നൽകിയിട്ടില്ല. സ്ഥലത്തിന്റെ ആധാരം സർ‌ക്കാരിന്റെ കൈയിൽ ആയതിനാൽ ഉടമകൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാണ്.

ദുരി​തം വി​ലയ്ക്കുവാങ്ങി​യ കുടുംബങ്ങൾ

പദ്ധതിയുടെ സ്ഥലമെടുപ്പ് തുടങ്ങിയപ്പോഴേ വിവാദങ്ങളും തലപൊക്കി. പല ഘട്ടങ്ങളിലും പരിസ്ഥിതി പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടു. മൂന്നുതവണ റീസർവേ നടത്തി. പദ്ധതി അനിശ്ചിതമായി നീണ്ടുപോയപ്പോൾ തരിശുകിടക്കുന്ന ചതുപ്പ് ഉൾപ്പെടെയുള്ള ഭൂമി മരങ്ങൾ വളർന്ന് കൊടുംകാടായി. വെള്ളക്കെട്ടും വിഷജന്തുക്കളുടെ ശല്യവും മൂലം ഇതിനിടയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാണ്.

..........................................

ഹെഡ്മാഷായി വിരമിച്ച എനിക്ക് ലഭിച്ച മുഴുവൻ തുകയും മുടക്കിയാണ് സ്ഥലം വാങ്ങിയത്. 2.5 ഏക്ക‌ർ സ്ഥലത്ത് വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷിയും ചെയ്തിരുന്നു. ആ സമയത്താണ് സ്ഥലം പാ‌ർക്കിന് വിട്ട് നൽകണമെന്ന് പറഞ്ഞത്. പദ്ധതി ഒരുപാട് പേർക്ക് ഗുണം ചെയ്യുമെന്ന് കരുതി വിട്ട് നൽകി. ഇപ്പോൾ സ്ഥലവുമില്ല, പണവുമില്ല. സ്ഥലം കാട് കയറി. ഇലക്ട്രോണിക്സ് പാർക്കിന്റെ പ്രവ‌ർത്തനം വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം കത്ത് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.

പി.എ. രാജൻ, പൂത്തോട്ട