
തൃപ്പൂണിത്തുറ: കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ സംയോജിത കൃഷിയോടൊപ്പം കൃഷി ഉത്പന്നങ്ങളുടെ മൂല്യവർദ്ധന വസ്തുക്കളുടെ ഉത്പാദനവും കർഷകർ തന്നെ ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് നിർദ്ദേശിച്ചു. ഉദയംപേരൂർ സസ്യ ജൈവ കർഷക കൂട്ടായ്മയുടെ വാർഷിക പൊതു യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനക്കായി ഒരു ശതമാനം പലിശയ്ക്ക് രണ്ടു കോടി രൂപ വരെ വായ്പ ലഭ്യമാകുന്ന കൃഷി അടിസ്ഥാന വികസന ഫണ്ട് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും കൃഷിയും എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് കൃഷി വിഭാഗം മേധാവി ഡോ. എസ്.എസ്. നാഗേഷ് പ്രഭാഷണം നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ് ചർച്ചകൾക്ക് നേതൃത്വം നൽകി. കർഷക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ജില്ലാ തല അവാർഡ് ജേതാക്കളായ സെബാസ്റ്റ്യൻ കോട്ടൂർ, ജോമി സെബാസ്റ്റ്യൻ എന്നീ കർഷകരെ അനുമോദിക്കുകയും മാതൃക കർഷകരായ ജോണി കുര്യൻ, സിന്ധു, കർഷക തൊഴിലാളികളായ പ്രകാശൻ, പ്രസീന്ത ദാസൻ എന്നിവരെ ആദരിച്ചു. ഉദയംപേരൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ. ജയചന്ദ്രൻ, സസ്യ കർഷക കൂട്ടായ്മ സെക്രട്ടറി കെ.ആർ. മോഹനൻ, പ്രസിഡന്റ് സെബാസ്റ്റ്യൻ കോട്ടൂർ, ഉദയം പേരൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ സലിമോൻ, ടി.വി. ശിവദാസ്, രമ പ്രിൻസ് എന്നിവർ സംസാരിച്ചു.