
കൊച്ചി: ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെയുള്ള ആക്രമണവും കൈയേറ്റവും വർദ്ധിക്കുന്നതിനെതിരെ ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അവധിയെടുത്ത് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുണ്ടായ സംഭവം ഉയർത്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. 50 ഓളം പഞ്ചായത്തുകളിലെ സെക്രട്ടറിമാർ സമരത്തിൽ പങ്കെടുത്തു. കുട്ടമ്പുഴ, കാലടി, പിണ്ടിമന, നായരമ്പലം എന്നീ പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ ഈ അടുത്ത കാലങ്ങളിൽ കൈയേറ്റത്തിന് ഇരയായിരുന്നു. ഇതിനെതിരെ സംസ്ഥാന തലത്തിൽ പ്രതിഷേധം നടക്കെയാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗം ആക്രമണം നടത്തിയത്. സെക്രട്ടറിമാർക്കിതിരെയുള്ള ആക്രമണംവർദ്ധിക്കുമ്പോൾ സമരം ശക്തമാക്കുമെന്ന് കെ.ജി.പി.എസ്. ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡന്റ് ടി.കെ. ബാബു പറഞ്ഞു.