ott

കൊച്ചി: സ്മാർട്ട്ഫോണുകളും പെൻഡ്രൈവുകളും വന്നപ്പോൾ പഴയ വി.സി.ഡികളും വി.സി.ആറും ഡി.വി.ഡിയുമൊക്കെ അപ്രത്യക്ഷമായതിന് സമാനമായി മൾട്ടിപ്ളക്‌സുകളെ വിഴുങ്ങാനെന്നോണം ഓവർ - ദ - ടോപ്പ് (ഒ.ടി.ടി) പ്ളാറ്റ്‌ഫോമുകൾ അതിവേഗം വളരുകയാണെന്ന് എസ്.ബി.ഐ റിസർച്ച് റിപ്പോർട്ട്.

2018ൽ ഒ.ടി.ടി പ്ളാറ്റ്‌ഫോമുകളുടെ വിപണിമൂല്യം 2,590 കോടി രൂപയായിരുന്നത് 2023ഓടെ 11,944 കോടി രൂപയാകുമെന്ന് റിപ്പോർട്ടിലുണ്ട്. പ്രതിവർഷ ശരാശരി വളർച്ച 36 ശതമാനമാണ്. ഇന്ത്യൻ വിനോദമേഖലയുടെ പ്രേക്ഷക, വരുമാനവിഹിതങ്ങളിൽ 7-9 ശതമാനം ഇതിനകം ഒ.ടി.ടി സ്വന്തമാക്കി കഴിഞ്ഞു. ഇംഗ്ളീഷിന് പുറമേ പ്രാദേശിക ഭാഷകളുടെ ഉള്ളടക്കങ്ങളുമായി 40ലേറെ ഒ.ടി.ടി കമ്പനികളാണ് ഇന്ത്യയിലുള്ളത്.

വരിക്കാർ 50 കോടിയിലേക്ക്

നിലവിൽ 45 കോടി ഒ.ടി.ടി വരിക്കാരാണ് ഇന്ത്യയിലുള്ളത്. 2023ൽ ഇത് 50 കോടി കടക്കുമെന്ന് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.

രാജ്യാന്തര കമ്പനികൾക്കാണ് ഇന്ത്യൻ ഒ.ടി.ടി രംഗത്ത് ആധിപത്യം. വിദേശ, പ്രാദേശിക ഉള്ളടക്കങ്ങൾ വികസിത രാജ്യങ്ങളിലേതിനേക്കാളും 70-90 ശതമാനം വരെ കുറഞ്ഞനിരക്കിൽ ഇന്ത്യയിൽ ലഭ്യമാണെന്നതും ഒ.ടി.ടിയെ സ്വീകാര്യമാക്കുന്നു.

 14 കോടി വരിക്കാരുമായി ഡിസ്‌നി പ്ളസ് ഹോട്ട്‌ സ്റ്റാറാണ് മുന്നിൽ.

 ആമസോൺ പ്രൈം (6 കോടി), നെറ്റ്‌ഫ്ളിക്‌സ് (4 കോടി), സീ5 (3.7 കോടി), സോണിലിവ് (2.5 കോടി) എന്നിങ്ങനെയും വരിക്കാരുണ്ട്.

 സോണിലിവ്, വൂട്ട്, സീ5, ഓൾട്ട് ബാലാജി തുടങ്ങിയവ ഈ രംഗത്തെ ഇന്ത്യൻ കമ്പനികളാണ്.

 50 ശതമാനം വരിക്കാരും ഒ.ടി.ടിയിൽ പ്രതിമാസം 5 മണിക്കൂറിലേറെ ചെലവിടുന്നു എന്നാണ് റിപ്പോർട്ട്.

ഇന്റർനെറ്റാണ് കരുത്ത്

സ്മാർട്ട്ഫോൺ, ഇന്റർനെറ്റ്, സ്മാർട്ട് ടിവി, ലാപ്‌ടോപ്പ്, ടാബ് തുടങ്ങിയവയുടെ പ്രചാരമേറിയതാണ് ഒ.ടി.ടിക്ക് നേട്ടമായത്. കമ്പ്യൂട്ടറിലും ഫോണിലും സ്മാർട്ട്‌ ടിവിയിലും ഇന്റർനെറ്റ് വഴി സിനിമ, സീരീസുകൾ, കായിക മത്സരങ്ങൾ തുടങ്ങിയവ കാണാവുന്ന സൗകര്യമാണ് ഒ.ടി.ടി.

കൊവിഡ് കാലത്ത് തിയേറ്ററുകൾ അടഞ്ഞുകിടന്നതും ഒ.ടി.ടിക്ക് നേട്ടമായി. കൊവിഡിൽ 30ലേറെ ഹിന്ദി സിനിമകളാണ് ഒ.ടി.ടിയിൽ റിലീസായത്. പ്രാദേശിക സിനിമകൾ ഇതിലേറെ വരും. സിനിമകൾക്ക് പുറമേ വെബ് സീരീസുകൾക്കും പ്രിയമേറിയത് ഒ.ടി.ടിയുടെ സ്വീകാര്യത കൂട്ടുന്നു.

വേണം കൈത്താങ്ങ്

തിയേറ്ററുകളുടെ നിലനിൽപ്പിനായി സർക്കാരുകളുടെ ഇടപെടൽ വേണമെന്ന ആവശ്യം ഹോളിവുഡിൽ പോലുമുണ്ട്. പ്രശസ്ത സംവിധായകൻ ജയിംസ് കാമറൂണും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സിനിമകൾ തുടർച്ചയായി ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതിനെതിരെയും പ്രതിഷേധങ്ങൾ ശക്തമാണ്.