
പെരുമ്പാവൂർ: അനധികൃത വഴിയോരക്കച്ചവടം തടയണമെന്ന് ആവശ്യപ്പെട്ട് വിവിധ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയിൽ പെരുമ്പാവൂർ നഗരത്തിൽ പ്രതിഷേധറാലി നടത്തി. വ്യാപാരി ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് സൂചനാപ്രതിഷേധ സമരം നടത്തിയത്. രാവിലെ പത്തരയോടെ യൂണിയൻ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറു കണക്കിന് വ്യാപാരികൾ അണിനിരന്നു. പൊതുസമ്മേളനം വ്യാപാരി വ്യവസായി സമിതി ഏരിയാ വൈസ് പ്രസിഡന്റും മുനിസിപ്പൽ വെന്റിംഗ് കമ്മിറ്റി അംഗവുമായ നാസർ ബാബാസ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ വ്യാപാരി സംഘടനാ പ്രതിനിധികളായ ജോൺ ജേക്കബ്, കെ.പാർത്ഥസ്വാരഥി, വി.പി.നൗഷാദ്, പി.പി.ഡേവിസ്, കെ.പി. അലിയാർ, സരിത് എസ്.രാജ്, കെ.മുരളി, എം.എം.റസാഖ്, കെ.എം.ഉമ്മർ, എ.എം. അബ്ദുൾ അസീസ്, ടി.എം.അൻസാർ, എസ്. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.