jobi-pajjikaran

പറവൂർ: ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭ നന്നാക്കിയില്ല. നഗരസഭാ ടൗൺ ഹാളിന് പിന്നിലെ കെ.ഐ.മാത്യു റോഡും വൃന്ദാവൻ വഴി പറവൂർ പാലം വരെയുള്ള പ്രദേശത്തെ റോഡുകളുമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.

ഒന്ന്, രണ്ട്, അഞ്ച് വാർഡുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളെ നാട്ടുകാർ തടഞ്ഞിരുന്നു. റോഡ് പുനർനിർമ്മിക്കുന്നതിന് 25.87 ലക്ഷം രൂപ മാർച്ചിൽ ജല അതോറിറ്റി നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്. ഈ തുക ഭരണസമിതി വകമാറ്റി ചെലവിട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു. നഗരസഭയുടെ അനുവാദമില്ലാതെ ജല അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചതും റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള തുക നഗരസഭ വകമാറ്റി ചെലവിട്ടതും കഴിഞ്ഞ കൗൺസിലിൽ എൽ.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു.

പ്രതിഷേധിച്ച് കൗൺസിലർ

റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു. റോഡ് നന്നാക്കാൻ ജല അതോറിറ്റി കൈമാറിയ പണം വകമാറ്റിയത് ശരിയായ നടപടിയല്ലെന്നും, ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ് ഭരണ നേതൃത്വത്തിന്റെ ഭാഗത്തുള്ളതെന്നും സി.പി.എം നേതാവ് സി.പി. ജയൻ പറഞ്ഞു.

റോഡ് നിർമ്മാണത്തിനുള്ള 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് കമ്മിറ്റി അംഗീകരിച്ച് കൗൺസിലേക്ക് ശുപാർശ ചെയ്തിട്ടുള്ളതാണ്. അംഗീകാരം ലഭിച്ചാലുടൻ ടെൻ‌ഡർ നടപടികൾ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.