
പറവൂർ: ഓണത്തിന് പൂക്കളമൊരുക്കാൻ പുത്തൻവേലിക്കരയിൽ ബന്തിപ്പൂക്കൾ വിരിഞ്ഞുതുടങ്ങി. ഓണക്കാലത്ത് ഇതര സംസ്ഥാന പൂക്കളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിലെ പാറക്കടവ് ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ പൂക്കൃഷി ആരംഭിച്ചത്. ജൂണിൽ 20 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ബംഗളൂരുവിൽ നിന്ന് മഞ്ഞ, ഓറഞ്ച് പൂക്കളുടെ ഹൈബ്രിഡ് തൈകളാണ് നട്ടത്. മൂന്ന് മാസത്തിനകം ഇവ പൂവിട്ടു. തിങ്കൾ മുതൽ പഞ്ചായത്തിന്റെ ഇക്കോഷോപ്പിൽ നിന്ന് പൂക്കൾ വാങ്ങാനാകും. പൂക്കൃഷിയുടെ വിളവെടുപ്പ് പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. ജോസ്, കൃഷി ഓഫീസർ അമിത കെ. ജോർജ് എന്നിവർ സംസാരിച്ചു.