കൊച്ചി: കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ കൊച്ചി എം.ജി. റോഡിലെ 'സദ്ഗമയ' വീട് സർക്കാർ ഏറ്റെടുക്കുമെന്ന് പറഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നടപടി പൂർത്തിയാകുന്നില്ല. വീട് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ജനുവരിയിലാണ് മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചത്. നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഇവിടം വികസിപ്പിക്കുന്നതിന് ഒരു കോടി രൂപ ബഡ്ജറ്റിലും വകയിരുത്തി. എം.ജി റോഡിൽ കണ്ണായ കെ.പി.സി.സി ജംഗ്ഷനിലെ സദ്ഗമയ വിൽക്കാൻ പോകുന്നുവെന്ന വാർത്തകളെത്തുടർന്ന് നിയമ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ചെന്നൈയിലുള്ള കൃഷ്ണയ്യരുടെ മകനെ സർക്കാർ ബന്ധപ്പെടുകയായിരുന്നു.
പ്രവർത്തനം
പുരോഗമിക്കുന്നു
വീട് ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. കളക്ടർ വീടിന് വിലയിട്ടു. നിലവിൽ സ്മാരകമാക്കി മാറ്റും. കൂടുതൽ പ്രവർത്തനങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വീട്ടിൽ താമസിക്കുന്നത് കൃഷ്ണയ്യരുടെ മുൻ പി.എ അനിലാണ്. സ്വന്തമായി വീട് വച്ചെങ്കിലും സദ്ഗമയ വീട് സർക്കാർ ഏറ്റെടുത്ത ശേഷമേ താമസം മാറു എന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് കൃഷ്ണയ്യർ സ്‌ക്വയർ
ജസ്റ്റിസ് കൃഷ്ണയ്യരുടെ പേരിൽ ഹൈക്കോടതി ജംഗ്ഷനിൽ നഗരസഭ സ്ഥാപിക്കുന്ന കൃഷ്ണയ്യർ സ്ക്വയറിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അടക്കമുള്ളവരുമായി ചർച്ച നടത്തി പ്രശസ്ത അർബൻ ഡിസൈനറായ പ്രൊഫസർ കെ.ടി. രവീന്ദ്രൻ ഡിസൈൻ പ്രപ്പോസൽ തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡി.പി.ആർ തയ്യാറാക്കും. പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. എന്നാൽ പദ്ധതിയുടെ കാര്യങ്ങൾ അധികൃതർ പിന്നീട് അറിയിച്ചിട്ടില്ലെന്ന് ആർക്കിടെക്ട് കെ.ടി. രവീന്ദ്രൻ പറഞ്ഞു. ഒക്ടോബറിൽ കൊച്ചിയിലെത്തി അധികൃതരോട് ചർച്ച നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണയ്യരുടെ വസതി സർക്കാർ സ്വയം മുന്നോട്ടുവന്ന് ഏറ്റെടുത്തതാണ്. ബന്ധപ്പെട്ട കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
പി. രാജീവ്
വ്യവസായ മന്ത്രി
ഹൈക്കോടതിയിൽ എത്തുന്നവർക്ക് കൃഷ്ണയ്യരെ അനുസ്മരിക്കുന്ന രീതിയിലാണ് സ്മാരകം നിർമ്മിക്കുന്നത്. അത് വൈകാതെ തന്നെ നടപ്പിലാക്കും.
അഡ്വ. എം. അനിൽകുമാർ
കൊച്ചി മേയർ