കോലഞ്ചേരി: വടവുകോട് ബ്ലോക്കിലും പത്തനംതിട്ടയിലെ പറക്കോട് ബ്ലോക്കിലും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സ്പെഷ്യൽ ലൈവ്‌ലിഹുഡ് പാക്കേജ് പകരുന്ന ഊർജ്ജമായിരിക്കും ഭാവിയിൽ കൂടുതൽ പദ്ധതികളിലേയ്ക്ക് കുടുംബശ്രീയെ നയിക്കുന്നതെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. കുടുംബശ്രീ മിഷന്റെ സ്‌പെഷ്യൽ ലൈവ്‌ലിഹുഡ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോലഞ്ചേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. ലൈവ്‌ലിഹുഡ് പാക്കേജിന്റെ ഭാഗമായി ആരംഭിച്ച സേവിക ഗാർമെന്റ്‌സിന്റെ ലോഗോ പ്രകാശനം തൃപ്പുണിത്തുറ നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ് നിർവഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, പഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മുരുകേശൻ, സി.ആർ. പ്രകാശ്, ടി.പി.വർഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, രാജമ്മ രാജൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ എം.ബി. പ്രീതി, അജിത നാരായണൻ തുടങ്ങിയവർ സംസാരിച്ചു.