shop

ആലുവ: ചൂർണീക്കര ഗ്രാമപഞ്ചായത്തിലെ കടകളിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി. നിരോധിച്ച പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടോ, ലൈസൻസ് എടുത്തിട്ടുണ്ടോ, സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നിവ പരിശോധിക്കുന്നതിനാണ് ഹെൽത്ത് വിഭാഗവും പഞ്ചായത്ത് ഉദ്യോഗസ്ഥരും കടകളിലെത്തിയത്.

കമ്പനിപ്പടിയിലാണ് ആദ്യം പരിശോധന തുടങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പരിശോധന നടത്തും. പരിശോധനയിൽ ലൈസൻസ് പുതുക്കാത്തവർക്കും, സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും മുന്നറിയിപ്പു നൽകി. ഏഴ് ദിവസത്തിനുള്ളിൽ ഈ സർട്ടിഫിക്കറ്റുകൾ ശരിയാക്കാത്ത വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചവർക്ക് താക്കീത് നൽകി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയലക്ഷ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ അനില ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ഷെരീഫ്, സുധീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.