street-light

ആലുവ: ജില്ലയിലെ പ്രമുഖ സ്വകാര്യാശുപത്രി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ ജി.ടി.എൻ കവലയിലും തെരുവുവിളക്കുകളില്ല. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധശല്യവും ഏറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്ധ്യാസമയത്ത് യുവതിയെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ച സംഭവം ആശങ്കകൂട്ടുന്നു.

രാജഗിരി ആശുപത്രി പരിസരം മുതൽ ചുണങ്ങംവേലി വരെയും കീഴ്മാട് സർക്കുലർ റോഡിൽ ജി.ടി.എൻ ബസ് സ്റ്റോപ്പ് മുതൽ കൃപാഭവൻ വരെയുമുള്ള ഭാഗത്താണ് വഴിവിളക്കുകൾ തെളിയാത്തത്. പെരുമ്പാവൂർ റോഡിന്റെ ഒരു വശം കീഴ്മാട് ഗ്രാമപഞ്ചായത്തും മറുവശം എടത്തല ഗ്രാമപഞ്ചായത്തുമായതിനാൽ രണ്ടിടത്തെയും ജനപ്രതിനിധികൾ വിഷയത്തിൽ ഗൗരവമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

രാജഗിരി ആശുപത്രി ബസ് സ്റ്റോപ്പ് ഉൾപ്പെടുന്ന ഭാഗം മുതൽ ചുണങ്ങംവേലി വരെ റോഡിന് വളരെ വീതി കുറഞ്ഞതിനാൽ കാൽനട യാത്രികർ ബുദ്ധിമുട്ടിലാണ്. നടപ്പാതയോ പ്രത്യേക സൗകര്യങ്ങളോ ഇല്ല. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ കാൽനട യാത്രക്കാരെ ഭീതിപ്പെടുത്തുംവിധമാണ് പായുന്നത്. അതിനിടെയാണ് വഴി വിളക്കില്ലാത്തതിനെ തുടർന്നുള്ള പ്രതിസന്ധി.

തെരുവ് വിളക്ക് തെളിയിക്കാത്തതിനെതിരെ കീഴ്മാട്, എടത്തല പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ ശക്തമായ സമരമാരംഭിക്കുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ഉന്നതാധികാര സമിതി അംഗം പ്രിൻസ് വെള്ളറക്കൽ പറഞ്ഞു.