കൊച്ചി: ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ എറണാകുളത്ത് പാഴ്‌സലായി എത്തിയ 140 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വ്യാജ മേൽവിലാസത്തിലെത്തിയ പാഴ്‌സലിന് പിന്നിലുള്ളവർക്കായി എക്‌സൈസ് അന്വേഷണം തുടങ്ങി. നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 7.30ഓടെ ബംഗളൂരു-കന്യാകുമാരി എക്‌സ്‌പ്രസിൽ രണ്ട് വലിയ പായ്ക്കറ്റുകളിലായി 6,228 പൊതികളിലാണ് ഉത്പന്നങ്ങൾ കണ്ടെത്തിയത്.
ഇതിനു മൂന്നുലക്ഷത്തോളം രൂപ വിലവരും. നിഷാദ് എന്ന് മാത്രമാണ് പാഴസലിൽ രേഖപ്പെടുത്തിയിരുന്നത്.
തുച്ഛവിലയ്ക്ക് ബംഗളൂരുവിൽ നിന്ന് വാങ്ങുന്ന പുകയില ഉത്‌പന്നങ്ങൾ നാലിരട്ടിയിലേറെ വിലയ്ക്കാണ് കേരളത്തിൽ വിൽക്കുന്നതെന്ന് നേരത്തേയുള്ള കേസുകളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. ട്രെയിൻ മാർഗമുള്ള പാഴ്‌സലുകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ആർ.പി.എഫ് എറണാകുളം നോർത്ത് സബ് ഇൻസ്‌പെക്ടർ ജി. ഗിരീഷ് പറഞ്ഞു.