
വൈപ്പിൻ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി മണ്ഡലത്തിലെ കാർഷികരംഗത്ത് ഉണർവ് സൃഷ്ടിച്ചെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിരവധി സംഘങ്ങളും വ്യക്തികളും കൃഷിയിലേക്കെത്തി. യുവാക്കളുടെ പങ്കാളിത്തം ഏറെ ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കുര്യാപ്പിള്ളി കെ.എം.അംബ്രോസ് നടത്തിയ പുഷ്പ, പച്ചക്കറി കൃഷിയുടെ വിളവെടുപ്പും വിപണനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ കൃഷിഭവന്റെ പിന്തുണയോടെയും ഓച്ചന്തുരുത്ത് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയുമാണ് ജൈവ രീതിയിൽ പുഷ്പ, പച്ചക്കറി കൃഷി ഇറക്കിയത്. ജമന്തി, വാടാമല്ലി ചെടികളും വർഷം മുഴുവൻ വിളവെടുക്കാൻ കഴിയുംവിധം ചീര, പീച്ചി, വെണ്ട, പാവൽ, പടവലം, വെള്ളരി എന്നീ പച്ചക്കറികളുമാണ് അംബ്രോസ് കൃഷി ചെയ്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് , വൈസ് പ്രസിഡന്റ് കെ. എം.സിനോജ് കുമാർ, ബ്ലോക്ക് അംഗം സരിത സനിൽ, റസിയ ജമാൽ, സോഫിയ ജോയ്, അംഗങ്ങളായ സ്റ്റെല്ല കുരുവിള, ബിന്ദു വേണു, ലിഗീഷ് സേവ്യർ, സെബാസ്റ്റ്യൻ ഷിബു, സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, കൃഷി അസി.ഡയറക്ടർ സുധാകുമാരി, ഓഫീസർ ശീതൾ ബാബു, അസിസ്റ്റന്റ് എം.എസ്. ലക്ഷ്മി എന്നിവർ പങ്കെടുത്തു.