
തൃക്കാക്കര: ഇടച്ചിറയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സജീവ് കൃഷ്ണ (23) നേരത്തേ സുഹൃത്തിന്റെ പേരിൽ കഞ്ചാവ് കടത്തിയിരുന്നെന്ന് കണ്ടെത്തി അന്വേഷണസംഘം. ഇയാൾക്കൊപ്പം ജോലിചെയ്തിരുന്ന ഹോട്ടൽ ജീവനക്കാരന്റെ മേൽവിലാസത്തിൽ കൊറിയറിലാണ് കഞ്ചാവ് എത്തിച്ചത്.
സജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദ് നൽകിയിരുന്ന പണം ഉപയോഗിച്ച് ആന്ധ്രയിൽ നിന്നാണ് നാലരക്കിലോ കഞ്ചാവ് വാങ്ങിയത്. ചേരാനല്ലൂരിലെ കൊറിയർ സർവീസിൽ നിന്ന് സജീവും അർഷാദും ചേർന്നാണ് കൈപ്പറ്റിയത്. പിന്നീട് ഇരുവരും തമ്മിൽ തെറ്റുകയും സജീവിനെ അർഷാദ് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് നിഗമനം.
പൊലീസ് പിടിയിലായ അർഷാദിനെ മഞ്ചേശ്വരം, വടകര, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇയാളെ മൂന്ന് ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങി.