മൂവാറ്റുപുഴ: മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ പഞ്ചായത്തുകളിൽ പശുക്കളിൽ കണ്ടെത്തിയ ചർമമുഴ രോഗം നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. മഞ്ഞള്ളൂർ പഞ്ചായത്തിലെ പിരളിമറ്റം, ആവോലി പഞ്ചായത്തിൽ ഉൾപ്പെടുന്ന കാവന പ്രദേശങ്ങളിലെ ഏതാനും കറവപ്പശുക്കൾക്കും കിടാക്കൾക്കുമാണ് രോഗം കണ്ടെത്തിയത്. വയറിലും മറ്റും മുഴപോലെ വീർത്തുവന്ന് വ്രണമാകുന്നു. മറ്റു പശുക്കൾക്ക് അസുഖം പകരുന്നുമുണ്ട്. പശുക്കൾക്ക് ക്ഷീണം, തളർച്ച, ഭക്ഷണംതിന്നാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. കറവപ്പശുക്കളിൽ പാൽ ഉത്പാദനവും കുറയുന്നു.

മഞ്ഞള്ളൂർ പഞ്ചായത്തിലെ കാവനയിലെ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ മിൽമയുടെ വിദഗ്ദ്ധ സംഘം വ്യാഴാഴ്ച പരിശോധനയ്‌ക്കെത്തി. മിൽമ പി. ആൻഡ് ഐ. ഓഫീസർ ഇൻ ചാർജ് സെലിൻ പോൾ, മിൽമയുടെ കീഴിൽ കലാമ്പൂരിൽ പ്രവർത്തിക്കുന്ന ഡി സെൻട്രലൈസ്ഡ് വെറ്ററിനറി യൂണിറ്റിലെ ഡോ. അനന്തു എന്നിവരാണ് ക്ഷീര കർഷകരെ സന്ദർശിച്ചത്.

ചർമമുഴകൾ പൊട്ടാതെ സൂക്ഷിക്കാനാണ് ഇവരുടെ നിർദേശം. ഈച്ചയെ തുരത്താനായി വേപ്പെണ്ണ ഉപയോഗിക്കാനും നിർദേശിച്ചു. ‘ ലംപിസ്‌കിന്‍ ഡിസീസ്’ എന്നു പേരുള്ള ഈ രോഗം വരാതിരിക്കാൻ പശുക്കൾക്ക് വാക്‌സിനേഷൻ നൽകുക മാത്രമാണ് പോംവഴിയെന്ന് മൃഗാശുപത്രി അധികൃതർ അറിയിച്ചു. മഞ്ഞള്ളൂർ പഞ്ചായത്തിൽ അഞ്ച് പശുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ചികിത്സ നൽകിയതായും അസുഖം നിയന്ത്രണ വിധേയമായെന്നും മഞ്ഞള്ളൂർ വെറ്ററിനറി വിഭാഗത്തിലെ ഡോ. സോമോൾ എബ്രഹാം പറഞ്ഞു.