കോലഞ്ചേരി: ഫുട്‌ബാൾ പരിശീലിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവ്. എളംകുളം തേവര കോന്തുരുത്തി ഇരിയത്തറ വീട്ടിൽ ഷാജിയെയാണ് (47) പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
2018ൽ പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കുറ്റകൃത്യത്തിന് ശേഷം മുംബയ്, ചെന്നൈ, പൂനെ, ഡൽഹി, കാശ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. 2019 ഡിസംബറിൽ പുത്തൻകുരിശ് ഇൻസ്‌പെക്ടർ ആയിരുന്ന സാജൻ സേവ്യർ കുറ്റപത്രം സമർപ്പിച്ചു.
അന്വേഷണസംഘത്തിൽ കെ.പി. ജയപ്രസാദ്, വിൻസി ഏലിയാസ്, പീറ്റർ പോൾ, സന്തോഷ്, പി.സി. ജയകുമാർ, യോഹന്നാൻ, അനിൽകുമാർ, ചന്ദ്രബോസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.