sndp

മൂവാറ്റുപുഴ: സെപ്തംബർ 10ന് നടക്കുന്ന 168-ാമത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്. എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ശ്രീ നാരായണ ദിവ്യ ജോതി പ്രയാണം സമാപിച്ചു. ശനിയാഴ്ച രാവിലെ 8.30ന് ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ മേൽ ശാന്തി പകർന്നു നൽകിയ ദിവ്യ ജ്യോതിയുടെ പ്രയാണം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. എൻ. രമേശ്, യൂണിയൻ കൗൺസിലമാരായ പി.ആ‌ർ. രാജു, എം.ആർ. നാരായണൻ എന്നിവർ സംസാരിച്ചു.

ദിവ്യ ജ്യോതി പ്രയാണത്തിന്റെ ഒന്നാം ദിവസമായ ശനിയാഴ്ച മൂവാറ്റുപുഴ ടൗൺ, കടാതി, വാളകം, കായനാട്, മാറാടിസൗത്ത് , മൂവാറ്റുപുഴ സൗത്ത് , നോർത്ത് മാറാടി മണ്ണത്തൂർ, കാക്കൂർ, അഞ്ചൽപ്പെട്ടി, കക്കാട്, കിഴുമുറി വെസ്റ്റ് എന്നീ ശാഖകളിലെ പ്രയാണം പൂർത്തിയാക്കി പാമ്പാക്കുടയിൽ സമാപിച്ചു. സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസമായ ഇന്നലെ മൂവാറ്റുപുഴ നോർത്ത്, വെള്ളൂർക്കുന്നം, തൃക്കളത്തൂർ, പായിപ്ര, ഈ സ്റ്റ് വാഴപ്പിള്ളി, കക്കാട്ടൂർ, കാലാമ്പൂർ, ആയവന, പേരമംഗലം, ഏനാനല്ലൂർ, ആനിക്കാട്, ആവോലി, കാവന, ആരക്കുഴ, പെരുമ്പല്ലൂർ, പെരിങ്ങഴ, തേവകോട് എന്നീ ശാഖകളിലെ ജ്യോതി പ്രയാണം പൂർത്തിയാക്കി വൈകിട്ട് രണ്ടാർ ശാഖയിൽ സമാപിച്ചു .

സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ , യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവർ സംസാരിച്ചു .

ചതയ ദിനത്തിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചതയദിന മഹാഘോഷ യാത്രയിൽ 31 ശാഖകളിൽ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയർ അണിനിരക്കും. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി ശ്രീകുമാരഭജനദേവസ്വം ക്ഷേത്രാങ്കണത്തിൽ സമാപിക്കും. തുടർന്ന ചതയ ദിന മഹാ സമ്മേളനം ആരംഭിക്കും.