
ആലുവ: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇരുട്ടുകയറുന്നതോടെ പാലത്തിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമാണ്.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ രണ്ട് വർഷം മുമ്പാണ് പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ തെരുവുവിളക്കിനായി പോസ്റ്റുകൾ സ്ഥാപിച്ചത്. പക്ഷേ, ഇതുവരെ പോസ്റ്റുകളിൽ ലൈറ്റ് സ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല. ഇതോടെയാണ് 200 മീറ്ററിലേറെ നീളമുള്ള പാലത്തിൽ സന്ധ്യയായാൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കാൻ തുടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം എല്ലാപേർക്കും പാലത്തിലൂടെയുള്ള രാത്രിയാത്ര ഭയപ്പെടുത്തുന്നതാണ്. സന്ധ്യയായാൽ സ്ത്രീകൾക്ക് പാലം കടക്കണമെങ്കിൽ ഇരുച്ചക്രവാഹനങ്ങൾ വേണം. വ്യവസായ മേഖലയായതിനാൽ നിരവധി അന്യ സംസ്ഥാനക്കാരും മയക്കുമരുന്ന് സംഘവും പാലത്തിന്റെ വശങ്ങളിൽ തമ്പടിക്കുന്നുണ്ട്. ഇരുട്ടിന്റെ മറവിൽ പുഴയിലേക്ക് മാലിന്യം ഒഴുകുന്നതിനും എറിയുന്നതിനും വാഹനങ്ങളിൽ ഇവിടെയെത്തുന്നവരും കുറവല്ല. വെളിച്ചമില്ലാത്തതിനാൽ ഇരുച്ചക്ര വാഹനങ്ങൾ ഫുട്പാത്തിലിടിച്ച് നിരവധിക്ക് പരിക്കേറ്റിട്ടുണ്ട്. പാലത്തിൽ ലൈറ്റ് സ്ഥാപിക്കാത്തതിൽ ഉയർന്ന പ്രതിഷേധത്തിന്റെ പേരിലെ പ്രതികാരമെന്നോണമാണ് അധികാരികളുടെ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാലത്തിന് ഇരുവശവും രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. ഒരു ഭാഗം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിനും മറുഭാഗം ഏലൂർ നഗരസഭയ്ക്കും കീഴിലാണ്. തദ്ദേശ സ്ഥാപനങ്ങളോ ഇറിഗേഷൻ,പി.ഡബ്‌ളിയു.ഡി വകുപ്പുകളോ ലൈറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
സമരത്തിനൊരുങ്ങി കോൺഗ്രസ്
പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കാൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് രണ്ട് വർഷം പിന്നിട്ടിട്ടും ലൈറ്റ് സ്ഥാപിക്കാൻ കഴിയാത്തതിന് കാരണമെന്നും ഷാനവാസ് ആരോപിച്ചു.