
ആലുവ: പ്ലാസ്റ്റിക് ചെടിച്ചട്ടികളും പാത്രങ്ങളും വിപണി കീഴടക്കിയതോടെ പ്രതിസന്ധിയിലായ മൺപാത്ര നിർമാണത്തൊഴിലാളികൾക്ക് പ്രതീക്ഷ പകരുകയാണ് ഓണക്കാലം. മൺപാത്ര നിർമ്മാണത്തൊഴിലാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഓണത്തെ വരവേൽക്കുന്നതിനുള്ള ഓണത്തപ്പന്മാരെ ഒരുക്കുന്നതിന്റെ തിരക്കാണിപ്പോൾ.
കീഴ്മാട് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘമാണ് ജില്ലയിലെ പ്രധാന മൺപാത്ര നിർമ്മാണശാല. ഇവിടെയും ഇപ്പോൾ ഓണത്തപ്പന്മാരുടെ നിർമ്മാണം തകൃതിയായി പുരോഗമിക്കുന്നു. പതിറ്റാണ്ടുകളായി കീഴ്മാട് സഹകരണ സംഘത്തിന്റെ ഉത്പന്നമാണ് വിപണി കീഴടക്കുന്നത്. ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓണത്തപ്പന്മാരെ കൊണ്ടുപോകുന്നുണ്ട്. കളിമണ്ണിൽ നിർമ്മിക്കുന്ന ഓണത്തപ്പന്മാരെ ചൂളയിൽ വേവിച്ചെടുക്കാതെ കാവിപൂശി വെയിലിൽ ഉണക്കിയെടുക്കും. മഴയിൽ അലിഞ്ഞു ഇല്ലാതാകാനാണിത്. അതിനാൽ ഓണത്തപ്പന്മാരെ നേരത്തേതന്നെ തയ്യാറാക്കിത്തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ചട്ടികളുടെ വരവോടെ കളിമൺപാത്ര തൊഴിൽ ഉപേക്ഷിച്ചവർ നിരവധിയാണ്. കൃഷിഭവനുകൾ വീടുകളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി നേരത്തെ മൺചട്ടികൾ സബ്‌സിഡി നിരക്കിൽ കൊടുത്തിരുന്നെങ്കിലും ഗ്രോ ബാഗുകളിലേക്കും പ്ലാസ്റ്റിക് ചട്ടികളിലേക്കും ചുവടുമാറിയതും കളിമൺപാത്ര നിർമ്മാണത്തിലേർപ്പെട്ടിരുന്നവരെ പ്രതിസന്ധിയിലാക്കി. കളിമണ്ണ് ഖനനത്തിന് നിയന്ത്രണമുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടിയ വിലയ്ക്ക് കളി മണ്ണ് എത്തിക്കേണ്ട സ്ഥിതിയും സംജാതമായി.
1943ൽ സ്ഥാപിച്ച കീഴ്മാട് വിവിദോദ്ദേശ സഹകരണ സംഘമാണ് പിന്നീട് കീഴ്മാട് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘമായത്. അമ്പതിലേറെ തൊഴിലാളികളുണ്ടിവിടെ. സംഘത്തിലെ ആർട്ടിസാൻ കുടുംബങ്ങളാണ് ഓണത്തപ്പന്മാരെ നിർമ്മിക്കുന്നത്. ഓണത്തപ്പന്മാരെ വിറ്റു കിട്ടുന്ന തുക ഇവർക്ക് തന്നെയെടുക്കാം.