1

തോപ്പുംപടി: കൊച്ചിയുടെ മുഖമുദ്ര‌യായ തോപ്പുംപടിയിലെ പൈതൃക പാലം മയക്ക് മരുന്ന് മാഫിയകളുടെ താവളമായി മാറുന്നതായി ആക്ഷേപം. തോപ്പുംപടി ഹാർബർ പാലത്തിനു താഴെ മയക്കു മരുന്ന് വില്പന സജീവമായിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് ഹാർബർ പാലം ലഹരി മാഫിയ കൈയടക്കിയപ്പോൾ അന്നത്തെ തോപ്പുംപടി എസ്.ഐ ആയിരുന്ന എസ്.രാജേഷിന്റെ നേതൃത്വത്തിൽ അടിച്ചമർത്തുകയായിരുന്നു. ഇതിന് പിന്നാലെ രംഗം വിട്ട ലഹരി മാഫിയ ഇപ്പോൾ ഹാർബർ പാലവും പരിസരവും ഇപ്പോൾ താവളമാക്കി മാറ്റിയിരിക്കുകയാണ്.

കോഡ് മുഖ്യം

പാലം കയറുന്നതിന് സമീപം എത്തിയാൽ ആവശ്യത്തിന് അനുസരിച്ച് കഞ്ചാവും എം.ഡി.എം.എയും ഉൾപെടെയുള്ള പുതു തലമുറ മയക്കുമരുന്ന് ഇനങ്ങളും ലഭിക്കും. പക്ഷെ അതാത് ദിവസത്തെ കോഡ് പറയണം എന്ന് മാത്രം. ഹാർബർ പാലത്തിന്റെ അടിവശം നിരവധി അറകൾ ഉണ്ട്. ഇവിടെ മയക്കുമരുന്നു ശേഖരം ഉണ്ടെന്നാണ് ഏജന്റുമാർ പറയുന്നത്. ഈ അറകളിലേക്ക് പോകാൻ പാലത്തിനോട് ചേർന്ന് ചവിട്ടുപടികൾ ഉണ്ട്. പടികൾ ഇറങ്ങി ചെല്ലുന്ന സ്ഥലത്ത് ഇരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കാം. സ്ഥിരം കസ്റ്റമർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുണ്ടാകൂ. അല്ലാത്തവർ സാധനം വാങ്ങിയ ശേഷം വിടണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ, പ്രദേശ വാസികൾ, യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരെയാണ് മയക്കുമരുന്ന് സംഘങ്ങൾ ലക്ഷ്യമിടുന്നത്.

തോപ്പുംപടി ഹാർബർ പാലം ലഹരിവിരുദ്ധരുടെ കൈയിൽ നിന്നും മോചിപ്പിക്കാൻ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടപടിയുമായി മുന്നോട്ട് പോകും.

സെബാസ്റ്റ്യൻ വി.ചാക്കോ

എസ്.ഐ

തോപ്പുംപടി സ്റ്റേഷൻ

പൊതു സമൂഹത്തെ കാർന്ന് തിന്നുന്ന മയക്കമരുന്ന് വിപത്തിനെ വേരോടെ പിഴുതെറിയാൻ അധികാരികളുമായി കൈകോർത്ത് പ്രവർത്തിക്കും.

ഷീബാ ഡുറോം

ഡിവിഷൻ കൗൺസിലർ