nihad
നിഷാദ് മുഹമ്മദലി

# സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല

ആലുവ: ആലുവ നജാത്ത് ആശുപത്രിയിലെ ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും കത്തിച്ച കേസിൽ പ്രതി പിടിയിലായി. കടുങ്ങല്ലൂർ ഏലൂക്കര പുന്നേൽക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലി (26)യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ന് രാത്രി പത്തരയോടെയാണ് സംഭവം. യു.സി കോളേജിന് സമീപം കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചിക്കിത്സയ്ക്കെത്തിയ ഇയാൾ ആശുപത്രി ജീവനക്കാരുമായി തർക്കമുണ്ടാക്കിയ ശേഷം ആശുപത്രിയുടെ പിന്നിൽ സൂക്ഷിച്ചിരുന്ന ജനറേറ്റർ യൂണിറ്റും വാഹനവും കത്തിച്ചു കടന്നു കളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസി​ന്റെ വിശദീകരണം സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ നിരത്തി ആശുപത്രി അധികൃതർ നിഷേധിച്ചു. ആശുപത്രി കവാടത്തിന് സമീപം പ്രതിയും പ്രതിയെത്തിയ കാറിലുണ്ടായിരുന്നവരും തമ്മിലാണ് തർക്കമുണ്ടായതെന്നും ജീവനക്കാർ കക്ഷികളല്ലെന്നും ആശുപത്രി അധികൃതർ പറയുന്നു. അതിക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഒന്നിലേറെ പ്രതികളുണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതേക്കുറി​ച്ച് വിശദമായി അന്വേഷിക്കണമെന്നും ആശുപത്രി അധികൃതർ പറയുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ നിഷാദിനെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിൽ നിന്നാണ് പിടികൂടിയത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ ആലുവ ലക്ഷ്മി, മൂവാറ്റുപുഴ സബൈൻ എന്നീ ഹോസ്പിറ്റലുകളിലും ആക്രമണം നടത്തിയതിനും കേസുണ്ട്. അടി പിടിക്കേസിലും പ്രതിയാണ്. ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

നേരത്തെ മലേഷ്യയിലായിരുന്ന പ്രതി അക്രമണം നടക്കുന്നതിനും ആറ് ദിവസം മുമ്പാണ് കടുങ്ങല്ലൂരിൽ താമസമാരംഭിക്കുന്നത്. ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ സി.ആർ. ഹരിദാസ്, അബ്ദുൾ റൗഫ് സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.