
കൊച്ചി: കൊച്ചി മെട്രോ റെയിൽ നെടുമ്പാശേരി മുതൽ ചോറ്റാനിക്കര വരെയാക്കണമെന്ന് യാക്കോബായസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാത്തോലിക്ക അസിസ്റ്റന്റുമായ ജോസഫ് ഗ്രിഗോറിയസ് ആവശ്യപ്പെട്ടു. മെട്രോ റെയിൽ നീട്ടണമെന്നാവശ്യപ്പെട്ട് കേരള ദർശനവേദിയുടെ ആഭിമുഖ്യത്തിൽ മെട്രോ അധികൃതർക്ക് നൽകാനുള്ള നിവേദനത്തിൽ ആദ്യ ഒപ്പു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ദർശന വേദി ചെയർമാൻ എ.പി മത്തായി അദ്ധ്യക്ഷത വഹിച്ചു. ജെ.പി ഫൗണ്ടേഷൻ ചെയർമാൻ ടോമി മാത്യു, ദർശന വേദി ജനറൽ സെക്രട്ടറി കുമ്പളം രവി, ബിൻസൻ വർഗീസ്, റെജി എം. കുര്യാക്കോസ്, സാബു മത്തായി, കെ.എം ജോയ്, മാത്യൂസ് ബാബു, ഫാ. ഏലിയാസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.