കൊച്ചി : റോഡ് നിർമ്മാണത്തിന്റെ പേരിൽ ഭാരത് പെട്രോളിയം കോർപറേഷന്റെ വ്യാ‌ജ ടാർബിൽ ഹാജരാക്കി പണം തട്ടിയ കേസിൽ വാളകം പഞ്ചായത്ത് മുൻ അംഗവും സി.പി.എം നേതാവുമായ പി.എ. രാജുവിനെ ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

2004 - 2005 കാലയളവിൽ വാളകം പഞ്ചായത്തിലെ പൊറ്റവേലിക്കുടി - അരിയാറ്റിപ്പടി, അഞ്ചുകവല കോളനി റോഡുകൾ ടാറിംഗ് നടത്താൻ 29 ബാരൽ ബിറ്റുമിൻ വാങ്ങിയെന്ന് കാണിക്കുന്ന ഭാരത് പെട്രോളിയം കോർപറേഷന്റെ വ്യാജ ഇൻവോയ്സ് ഹാജരാക്കി 62,756 രൂപ തട്ടിയെന്നാണ് കേസ്. മുതിർന്ന രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഒഴിവാക്കി മുൻ പാർട് ടൈം പൗണ്ട് കീപ്പറിനെ മാത്രം കുറ്റക്കാരനാക്കിയാണ് ആദ്യം നടപടിയെടുത്തത്. ഇവരുമായി ഗൂഢാലോചന നടത്തിയാണ് രാജു ക്രമക്കേട് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേടിൽ പൊലീസ് കോടതിയിൽ നൽകിയിരിക്കുന്ന കുറ്റപത്രത്തിൽ പാർട്ട് ടൈം ജീവനക്കാരനെ കൂടാതെ മുൻ പഞ്ചായത്ത് അംഗം, മുൻ പഞ്ചായത്ത് സെക്രട്ടറി, മുൻ സെക്ഷൻ ക്ലർക്ക് എന്നിവർക്കു പങ്കുള്ളതായി പറയുന്നു. കേസ് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ക്രൈംബ്രാഞ്ച് സി.ഐ.ഡി കോട്ടം വിംഗ് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ എം.വി. മണികണ്ഠനാണ് മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മേക്കടമ്പ് സഹകരണ ബാങ്കിലുള്ള പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് പഞ്ചായത്ത് ചെക്ക് ഉപയോഗിച്ചാണ് രാജു പണം കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.