കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് അരുംകൊലകൾ തുടർക്കഥയാകുകയാണ്. ഇന്നലെ നെട്ടൂരിലുണ്ടായ കൊലപാതകം ഈ മാസത്തെ നാലാമത്തെ അരുംകൊലയാണ്. തുടരെത്തുടരെ കൊലപാതകങ്ങൾ സിറ്റി പൊലീസിനെയും കൊച്ചി നിവാസികളേയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശി അജയ് കുമാറാണ് ഒടുവിൽ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ ഭർത്താവും പാലക്കാട് സ്വദേശിയുമായ സുരേഷ്, അജയ് താമസിച്ചിരുന്ന നെട്ടൂരിലെ കിംഗ് പാർക്ക് ലോഡ്ജിലെത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം അവിടെത്തന്നെ തുടർന്ന പ്രതിയെ പിടികൂടാനായതിന്റെ ആശ്വാസം പൊലീസിനുണ്ട്.
അതേസമയം, അജയ് യെ രക്ഷപ്പെടുത്താൻ ലോഡ്ജ് ജീവനക്കാർ ശ്രമിച്ചെങ്കിലും സുരേഷ് വീൽ സ്പാനർ വീശി ഇവരെ ഭീഷണിപ്പെടുത്തി. തങ്ങൾക്ക് നേരെയും അതിക്രമമുണ്ടായേക്കുമെന്ന് പേടിച്ച ഇവർക്ക് നിസഹായരായി നോക്കി നിൽക്കാനെ സാധിച്ചുള്ളു. എന്നാൽ പൊലീസിനെ കൃത്യമായി വിവരം അറിയിച്ചിരുന്നു. തലയ്ക്കും ദേഹമാസകലവും പരിക്കേറ്റ അജയ് രക്ഷപ്പെടാൻ ശ്രമിക്കുന്നതും റോഡിൽ കുഴഞ്ഞു വീണതുമെല്ലാം പുറത്തുവന്ന സി.സി.ടിവി ദൃശ്യത്തിലുണ്ട്. ലോഡ്ജിന്റെ മൂന്നാം നിലയിലെ സി.സി.ടിവിയിൽ ഇവിടെ നടന്ന സംഘർഷും അക്രമവും പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇന്നലെ രാത്രി തന്നെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പുറത്തുവിടരുതെന്ന കർശന നിർദ്ദേശം ലോഡ്ജ് നടത്തിപ്പുകാർക്ക് നൽകിയതായാണ് വിവരം.
എഡിസൺ
എറണാകുളം നോർത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിരിക്കെയാണ് നീണ്ടകര സ്വദേശി എഡിസൺ കൊലപ്പെടുന്നത്. വാക്കുതർക്കത്തിനിടെ മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷാണ് ഇയാളെ കൊലപ്പെടുത്തിയത്. കഴുത്തിൽ മദ്യക്കുപ്പി കുത്തിയിറക്കുകയായിരുന്നു.
ശ്യാം
ആഗസ്റ്റ് 15നാണ് മുട്ടിനകം സ്വദേശി ശ്യാം കളത്തിപ്പറമ്പിൽ റോഡിൽ വച്ച് കൊല്ലപ്പെടുന്നത്. ലൈംഗിക ഇടപാടിന് ട്രാൻസ്ജെൻഡറെ സമീപിച്ചവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സജീവ് കൃഷ്ണ
മലപ്പുറം സ്വദേശി സജീവ് കൃഷ്ണയെ (24) ഈ മാസം 16ന് കാക്കനാട് ഇടച്ചറിയിലെ ഫ്ളാറ്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഫ്‌ളാറ്റിലെ ഡക്ടിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ സുഹൃത്തായ പ്രതി അർഷാദിനെ ദിവസങ്ങൾക്കകം പിടികൂടിയിരുന്നു. ലഹരിത്തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.