
ആഘോഷപ്പൊലിമയിൽ തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയാഘോഷം പതിന്മടങ്ങ് പ്രൗഢിയോടെ ഇന്ന് അരങ്ങേറും. കൊവിഡിൽ രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞുള്ള ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നഗരസഭ സജ്ജമാക്കിയിട്ടുള്ളത്.
അത്തം നഗറായ ഗവ.ബോയ്സ് ഹൈസ്കൂളിൽ ഉയർത്താനുള്ള പതാക ഇന്നലെ വൈകിട്ട് നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ് ഹിൽപാലസിൽ നിന്ന് രാജകുടുംബത്തിന്റെ പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങിയതോടെചടങ്ങുകൾക്ക് തുടക്കമായി.
ഇന്ന് രാവിലെ എട്ടുമുതൽ സ്റ്റീഫൻ ദേവസി നയിക്കുന്ന സംഗീത പരിപാടികളോടെ അത്താഘോഷം ആരംഭിക്കും. 9ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായിരിക്കും. കെ. ബാബു എം.എൽ.എ അത്തപതാക ഉയർത്തും. കളക്ടർ രേണുരാജ്, അനൂപ് ജേക്കബ് എം.എൽ.എ എന്നിവർ ചേർന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നാടൻകലാരൂപങ്ങളും ഫ്ളോട്ടുകളും വാദ്യമേളങ്ങളുമായി ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയോടെ ചരിത്രമുറങ്ങുന്ന തൃപ്പൂണിത്തുറ രാജവീഥി ഇന്ന് ജനസാഗരമാകും. ആഘോഷങ്ങൾ സെപ്തംബർ 7 വരെ നീളും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.
അത്താഘോഷം ഇന്ന്
അത്തച്ചമയ ഘോഷയാത്ര ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ നിന്ന് പുറപ്പെട്ട് നഗരം ചുറ്റി രണ്ടുമണിയോടെ തിരികെ എത്തും.
10 മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കള മത്സരം.
വൈകിട്ട് അഞ്ചിന് ഓണം കലാസന്ധ്യ ലായം കൂത്തമ്പലത്തിൽ നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ആറിന് വയോമിത്രം മേക്കരയുടെ കലാപരിപാടികൾ.
ഏഴിന് ഹിന്ദുസ്ഥാനി സംഗീതം.
രാത്രി 8.30ന് ആലപ്പുഴ സംസ്കൃതിയുടെ ഗാനമേള.
തൃപ്പൂണിത്തുറയിൽ ഇന്ന് അവധി
അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
തൃക്കാക്കരയിലും ഇന്ന്
ഓണാഘോഷങ്ങൾക്ക് തുടക്കം
തൃക്കാക്കര: മഹാബലി ചക്രവർത്തിയുടെ രാജധാനിയായ തൃക്കാക്കരയിലും ഇന്ന് തിരുവോണാഘോഷങ്ങൾക്ക് തുടക്കമാകും. ജില്ലാ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10ന് കളക്ടർ രേണുരാജ് ഓണവിളക്ക് തെളിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മഹാബലിക്ക് കിരീടവും ചെങ്കോലും കൈമാറും. പാളയം അനിൽകുമാറിന്റെ നേതൃത്വത്തിൽ ചെണ്ടമേളം അരങ്ങേറും. തുടർന്ന് പ്രതീകാത്മകമായി മഹാബലി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭരണസിരാകേന്ദ്രത്തിലെ ജീവനക്കാരെ സന്ദർശിച്ച് ഓണ വിളംബരം നടത്തും.
അത്തം ഘോഷയാത്രയ്ക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും. കലാകായിക കൗതുക മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണം ഐതിഹ്യത്തിന്റെ ആസ്ഥാനമെന്ന നിലയിലാണ് തൃക്കാക്കരയിൽ ഓണാഘോഷത്തിന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും സമാരംഭം കുറിക്കുന്നതെന്ന് ഉല്ലാസ് തോമസ് പറഞ്ഞു.
വൈകിട്ട് ആറിന് ഓണവിളംബര സമ്മേളനത്തിൽ ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥിയാവും.
തൃക്കാക്കര ക്ഷേത്രത്തിൽ
ഇന്ന് കൊടിയേറ്റ്
മഹാബലിയുടെ ഐതീഹ്യം ഉറങ്ങുന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന് ഇന്ന് രാത്രി എട്ടിന് കൊടിയേറും. ഉത്രാടത്തിനും തിരുവോണത്തിനും ആയിരങ്ങൾ പങ്കെടുക്കുന്ന സദ്യയുമുണ്ടാകും. തിരുവോണത്തിനാണ് ആറാട്ട്.