ambani

കൊച്ചി: ദീപാവലി സമ്മാനമായി റിലയൻസ് ജിയോയുടെ 5 ജി സേവനം ഒക്‌ടോബറിൽ ലഭ്യമാകും. ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5 ജി ലഭ്യമാക്കുക. രാജ്യവ്യാപകമായി 2023 ഡിസംബർ മുതൽ ലഭ്യമാക്കുമെന്നും അടിസ്ഥാനസൗകര്യങ്ങൾക്കായി രണ്ടുലക്ഷം കോടിയുടെ നിക്ഷേപം സജ്ജമാണെന്നും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റിലയൻസിന്റെ 45-ാം വാർഷിക പൊതുയോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജി സ്‌പെക്‌ട്രം ലേലം ഈമാസം ഒന്നിനാണ് കേന്ദ്ര സർക്കാർ പൂർത്തിയാക്കിയത്.

ശരവേഗത്തിൽ 5 ജി

 ജിയോ സ്വന്തമാക്കിയത് 88,078 കോടിയുടെ 5ജി സ്‌പെക്‌ട്രം

 4 ജിയെക്കാൾ പത്തിരട്ടി വേഗത

 4ജിയെ ആശ്രയിക്കാതെ 'സ്റ്റാൻഡ് എലോൺ 5ജി"യായി സേവനം

 ഇതിനായി ചിപ്പ് നിർമ്മാണത്തിലെ പ്രമുഖരായ ക്വാൽകോമുമായി സഹകരണം

 ജിയോ എയർഫൈബർ

ഫിക്‌സഡ് ബ്രോഡ്ബാൻഡ് സേവനത്തിൽ ലോകത്ത് 138-ാം സ്ഥാനത്തുള്ള ഇന്ത്യയെ ആദ്യ പത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ജിയോ ചെയർമാനും മുകേഷിന്റെ മകനുമായ ആകാശ് അംബാനി പറഞ്ഞു. ഇതിനായി 'ജിയോ എയർ ഫൈബർ" പദ്ധതിയും പ്രഖ്യാപിച്ചു. ഫൈബർ സമാന അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന 'വൈ-ഫൈ" ഹോട്സ്‌പോട്ട് സേവനമാണിത്. വയർലെസായ ഉപകരണത്തിലൂടെ ഓഫീസിലും വീട്ടിലും ഒരേസമയം അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് പ്രത്യേകത.