photo

വൈപ്പിൻ: നായരമ്പലം പ്രദേശത്തെ രണ്ടു ചെമ്മീൻകെട്ടുകളുടെ ചിറകളിൽ മുന്നൂറിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ചു. വൈപ്പിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാസ്‌റൂട്ടും തിരുവനന്തപുരത്തെ സുസ്ഥിര ഫൗണ്ടേഷനും സംയുക്തമായി നായരമ്പലം പുഞ്ചയിൽ മനോജിന്റെ മത്സ്യക്കെട്ടിലും വട്ടത്തറ ജോണിയുടെ നെടുങ്ങാട്ടെ മത്സ്യക്കെട്ടിലുമുള്ള ചിറകൾക്കരികിലാണ് കണ്ടൽത്തൈകൾ നട്ടത്.രാജഗിരി ഔട്ട്റീച്ച് പ്രോഗ്രാമിലെ വിദ്യാർത്ഥികളും പങ്കെടുത്തു.

കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) ഫാം സൂപ്രണ്ടും കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായ കെ.കെ.രഘുരാജ് കണ്ടൽ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണം നടത്തി. സുസ്ഥിര ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ വി.സൗപർണ, രാജഗിരി ഔട്ട്‌റീച്ച് പ്രോഗ്രാം കോ ഓർഡിനേറ്റർ രഞ്ജിത് കെ. ഉദയഭാനു എന്നിവർ പങ്കെടുത്തു.