
പെരുമ്പാവൂർ: കിഴക്കൻമേഖലയിലെ ജാതിമരങ്ങളിൽ കുമിൾരോഗം പടരുന്നു. ഇതോടെ ജാതിക്കൃഷി വ്യാപകമായ നാശത്തിലേക്കും വൻ നഷ്ടത്തിലേക്കും നീങ്ങുകയാണ്.
കുമിൾരോഗം പിടിച്ച് കേടുവരുന്ന തോട്ടങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ വ്യാപകമായി നശിക്കുകയാണ്. ചേരാനല്ലൂർ, കാലടി, തോട്ടുവ, മങ്കുഴി, കാഞ്ഞൂർ, കൊറ്റമം, മലയാറ്റൂർ എന്നീ പ്രദേശങ്ങളിലും ചാലക്കുടി പുഴയുടെ ഇരുകരകളിലുമാണ് ജാതിമരം കൂടുതലായി കൃഷി ചെയ്യുന്നത്. കാലടി കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ജാതിക്കായും ജാതിപത്രിയും വടക്കേയിന്ത്യയിലേക്കും വിദേശത്തേക്കും കയറ്റിയയ്ക്കുന്നുണ്ട്. കുമിൾരോഗം പടർന്നതോടെ ചേരാനല്ലൂർ പൂവത്തുംകുടി ജോസിന്റെ ഒന്നേമുക്കാൽ ഏക്കർ സ്ഥലത്തെ 77 ജാതിമരങ്ങളിൽ പകുതിയിലേറെയും നശിച്ചു. പ്രതിവർഷം ഒന്നേമുക്കാൽ ലക്ഷം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 32000 രൂപയ്ക്കാണ് തോട്ടം വിറ്റുപോയത്.
ഏകദേശം അഞ്ച് വർഷം മുൻപാണ് ജാതിമരങ്ങളിൽ കുമിൾരോഗം കണ്ടുതുടങ്ങിയത്. കുമിൾരോഗത്തെക്കുറിച്ച് കൃഷി വകുപ്പിനെ അറിയിച്ചെങ്കിലും ഇതുവരെ പഠനം നടത്തുകയോ പ്രതിവിധി കണ്ടെത്തുകയോ ചെയ്തിട്ടില്ല. ജാതിമരങ്ങളിലെ രോഗത്തെക്കുറിച്ച് പഠനം നടത്തി പരിഹാരം കാണണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.