പെരുമ്പാവൂർ: കേന്ദ്ര വിദ്യാഭാസ മന്ത്രാലയത്തിന്റെയും ഐ.എ.സി.ടി.ഇ ഇന്നോവേഷൻ സെല്ലിന്റെയും ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ജയ് ഭാരത് എൻജിനിയറിംഗ് കോളേജിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ 2022 സമാപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 300 ൽപരം എൻജിനിയറിംഗ് വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവാദിച്ചത് മത്സരാർത്ഥികളിൽ ആവേശമുളവാക്കി. 75 നോഡൽ സോണുകളിൽ നടന്ന ഹാക്കത്തൺ ഗ്രാന്റ് ഫിനാലെയിൽ ആറ് നോഡൽ സോണുകളിലെ വിദ്യാർത്ഥികളുമായാണ് പ്രധാനമന്ത്രി സംവദിച്ചത്. രാജ്യപുരോഗതിക്കും വികസനത്തിനും യുവജനങ്ങളുടെ കണ്ടെത്തലുകൾ സഹായകരമാകണം എന്ന് പ്രധാനമന്ത്രി മത്സരാർത്ഥികളെ ഓർമപ്പെടുത്തി. ഐ.എ.സി.ടി.ഇ പ്രതിനിധി ഗാന്ധി സൂര്യനാരായണ മൂർത്തി അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, പി.വി.ശ്രീനിജിൻ എം.എൽ.എ, നാസിം അബ്ദുള്ള, ഷെരീഫ് അരികുളങ്ങര, റോജൻ സി. മാത്യു, ബിനു കുര്യൻ എന്നിവർ സംസാരിച്ചു. വെങ്ങോല പഞ്ചായത്തിൽ ആരംഭിക്കുന്ന സമയ ബാങ്ക് പദ്ധതിയുടെ ലോഞ്ചിംഗ് ഡോ. കെ.എം. മധുസുധനനും പഞ്ചായത്ത് പ്രസിഡന്റ് എം.ബി. ഹമീദും ചേർന്ന് നിർവഹിച്ചു. വസിക്കാ ഗ്ലാസ് എന്ന സ്റ്റാർട്ടപ്പ് യൂണിറ്റിന്റെ ഉദ്ഘാടനം ഐ.എ.സി.ടി.ഇ പ്രതിനിധി ഗാന്ധി സൂര്യനാരായണ മൂർത്തിയും കേരള ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് ഡോ. ബിജു രമേശും ചേർന്ന് നിർവഹിച്ചു. ഹാക്കത്തൺ ജനറൽ കൺവീനർ പ്രിൻസിപ്പൽ ഡോ.ഷമീർ കെ. മുഹമ്മദ്, ചെയർമാൻ എ.എം.കരിം, ഡോ.കെ.എ.മാത്യു, ഡോ.പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.