മൂവാറ്റുപുഴ: വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. നാളെ രാവിലെ മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസംഘം ക്ഷേത്രത്തിൽ 6.30ന് 1008 നാളികേരത്തിന്റെ മഹാവിഘ്നേശ്വര പൂജ , മഹാഗണപതി ഹോമം, പ്രസാദ വിതരണം, വൈകിട്ട് ദീപാരാധന എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം, 8.30ന് ഗജപൂജ, ആനയൂട്ട് , വൈകിട്ട് 6ന് വിശേഷാൽ ദീപാരാധന , അപ്പം മൂടൽ എന്നിവ മേൽ ശാന്തി ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. മൂവാറ്റുപുഴ മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകും. തുടർന്ന് അപ്പം മൂടൽ, പ്രസാദ വിതരണം എന്നിവ നടക്കും. വാളകം വെട്ടികാവ് മഹാദേവ ക്ഷേത്രത്തിൽ രാവിലെ 6ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദ വിതരണം എന്നിവ നടക്കും. മഞ്ചനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകളും നടക്കും.