കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ താളിയോല ഹസ്തലിഖിത ശേഖരത്തിലേക്ക് കോന്തത്ത് തറവാട്ടിലെ അപൂർവ താളിയോല ഗ്രന്ഥശേഖരം കൈമാറി. പാലക്കാട് ജില്ലയിലെ മേലാർകോട് പഞ്ചായത്തിൽ ചേരാമംഗലത്ത് പ്രസിദ്ധമായ കോന്തത്ത് തറവാട്ടിൽ കാലങ്ങളായി കൈവശം സൂക്ഷിക്കുന്ന പുരാതനവും വിലമതിക്കാനാവാത്തതുമായ താളിയോല ഗ്രന്ഥശേഖരമാണ് സംസ്‌കൃത സർവകലാശാലയ്ക്ക് കൈമാറിയത്. കാലടി മുഖ്യക്യാമ്പസിലെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ കോന്തത്ത് തറവാട്ട് പ്രതിനിധി സുകുമാര മേനോനിൽ നിന്ന് ഗ്രന്ഥശേഖരം ഏറ്റുവാങ്ങി. ഗ്രന്ഥശേഖരം ഡിജിറ്റലാക്കി റെക്കാർഡ് ചെയ്ത് സംരക്ഷിക്കുമെന്നും അവയിലെ ഉളളടക്കം ഉപയോഗിച്ച് ഗവേഷണം, പ്രസിദ്ധീകരണം എന്നിങ്ങനെ അക്കാഡമികവും പൊതുജന താല്പര്യപ്രദവുമായ കാര്യങ്ങൾ ചെയ്യുമെന്നും വൈസ് ചാൻസലർ പറഞ്ഞു. പ്രോ വൈസ്ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽ കുമാർ, ഡോ. കെ.വി. അജിത് കുമാർ, കോന്തത്ത് തറവാട്ടിൽ നിന്നുമെത്തിയ സുകുമാരമേനോൻ, ചന്ദ്രശേഖർ, മധുസൂദനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.