
ആലങ്ങാട്: കൃഷിക്കൊപ്പം കളമശേരി പദ്ധതി പ്രകാരം കരുമാലൂർ സഹകരണ ബാങ്ക് രൂപീകരിച്ച നാട്ടുനന്മ എസ്.എച്ച്.ഡി ഗ്രൂപ്പിലെ മാസ്റ്റർ കർഷകനായ കെ.എം.ലാലു തട്ടാംപടിയുടെ കൃഷിയിടത്തിലെ ജൈവ പച്ചക്കറി വിളവെടുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തിലെ മന്നത്ത് പാട്ടത്തിനെടുത്ത ഏഴേക്കറിലാണ് ബട്ടർനട്ട്, പാവൽ, പടവലം, പീച്ചിൽ, സാലഡ് വെള്ളരി, ഇളവൻ, പയർ, വിവിധയിനം കിഴങ്ങുവർഗങ്ങൾ, പപ്പായ തുടങ്ങിയവ കൃഷിയിറക്കിയത്. ഇതിനു പുറമെ ഓണവിപണി ലക്ഷ്യമിട്ട് ലാലുവും കുടുംബവും 10 ഏക്കറോളം സ്ഥലത്ത് വിവിധയിനം കാർഷിക വിളകളും കൃഷി ചെയ്യുന്നുണ്ട്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു അദ്ധ്യക്ഷയായി. സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, മന്നം വാർഡ് അംഗം എ.എ.സുമയ്യ, കൃഷിക്കൊപ്പം കളമശേരി പദ്ധതി കോ ഓർഡിനേറ്റർ വിജയൻ പള്ളിയാക്കൽ, കൃഷി ഓഫീസർ സരിത മോഹൻ, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ.ഷിനു, എ.അനസ്, കർഷകർ, കർഷക തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.