
പ്രതിഷേധവുമായി പ്രതിപക്ഷം
ജനറൽ കൗൺസിൽ രണ്ടിന്
തൃക്കാക്കര: അടിയന്തര കൗൺസിലെ അജണ്ടകൾ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം തൃക്കാക്കര നഗരസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആദ്യ അജണ്ടയായ അങ്കണവാടി നിയമന സെലക്ഷൻ കമ്മിറ്റി രൂപീകരണം ജനറൽ കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യാൻ ചെയർപേഴ്സണിന്റെ അഭിപ്രായത്തെത്തുടർന്ന് മാറ്റി.
ചെയർപേഴ്സണിന്റെ ദുരിതാശ്വാസനിധി സമാഹരണവും ധന വിനിയോഗവും സംബന്ധിച്ച ഏകോപന കമ്മിറ്റിയിലേക്ക് നഗരസഭാ അദ്ധ്യക്ഷയും സെക്രട്ടറിയും കൂടാതെ ഒരംഗത്തെ കൂടി തീരുമാനിക്കാൻ തുടങ്ങിയ ചർച്ചയിൽ പ്രതിപക്ഷം സ്വതന്ത്ര കൗൺസിലർ പി.സി. മനൂപിന്റെ പേര് നിർദേശിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഇതിനെതിരെ യു.ഡി.എഫ് കൗൺസിലർ ഷാജി വാഴക്കാല രംഗത്ത് വരുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കം ആരംഭിച്ചതോടെ അജണ്ട മാറ്റിവച്ചതായി ചെയർപേഴ്സൺ പറഞ്ഞു. അടിയന്തര കൗൺസിലെ അജണ്ട മാറ്റുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു പറഞ്ഞു.
മാസത്തിൽ ഒരു ജനറൽ കൗൺസിൽ പോലും ചേരാതെ മൂന്ന് അടിയന്തര കൗൺസിൽ വിളിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ മാസം ജനറൽ കൗൺസിൽ കൂടാത്തതിന്റെ ഉത്തരവാദിത്വം സ്വയം ഏൽക്കുകയാണെന്ന് ചെയർപേഴ്സൺ കൗൺസിലിനെ അറിയിച്ചു. കൗൺസിൽ ചേരാൻ പ്രതിപക്ഷം സഹകരിക്കണമെന്ന ചെയർപേഴ്സണിന്റെ അഭ്യർത്ഥനയെ തുടർന്ന് കൗൺസിൽ രണ്ടിന് ചേരാൻ തീരുമാനിക്കുകയായിരുന്നു.