കൊച്ചി: കൊച്ചി നഗരത്തിലെ പി ആൻഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പാർപ്പിട സമുച്ചയ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാൻ ഹൈക്കോടതി ജി.സി.ഡി.എയോട് നിർദ്ദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ട് തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നിർദ്ദേശം.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു. ഈ വാദത്തെ ജി.സി.ഡി.എ എതിർത്തു. തുടർന്നാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.
മുല്ലശേരി കനാലിലൂടെയുള്ള വാട്ടർ അതോറിറ്റി പൈപ്പ്‌ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പണികൾ കരാറെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്നും ടെൻഡർ നടപടികൾ സെപ്തംബർ അഞ്ചിലേക്ക് മാറ്റിയെന്നും വാട്ടർ അതോറിറ്റിയുടെ അഭിഭാഷകൻ അറിയിച്ചു. ഇതിലെ തുടർ നടപടികൾ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി. തുടർന്ന് ഇക്കാര്യത്തിൽ വാട്ടർ അതോറിറ്റി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ സെപ്തംബർ 16ന് പരിഗണിക്കുന്നതിനു മുമ്പ് റിപ്പോർട്ടുകൾ നൽകണം.
നഗരത്തിൽ അദ്ധ്യാപകഭവൻ മുതൽ ചാവറ കൾച്ചറൽ സെന്റർ വരെയുള്ള ഭാഗങ്ങളും കാരക്കാമുറി, ഹിന്ദി പ്രചാരസഭ, കമ്മട്ടിപ്പാടം മേഖലകളും പരിശോധിച്ച് നീരൊഴുക്കു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറി, ഓപ്പറേഷൻ ബ്രേക്ക് ത്രൂ ടീമിനെ നയിക്കുന്ന സൂപ്രണ്ടിംഗ് എൻജിനിയർ, കൊച്ചി നഗരസഭയുടെ എൻജിനിയർ എന്നിവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.