
കാലടി: കാഞ്ഞൂരിലെ 40 ഏക്കർ പാഴൂർ പാടത്ത് നടീൽ ഉത്സവം നടത്തി. കഴിഞ്ഞ 12 വർഷമായി പാഴൂർ പാടത്തെ തരിശുനിലങ്ങളെ ഒന്നൊന്നായി നെൽക്കൃഷിയിലേക്ക് കൊണ്ടുവരാനുള്ള യുവകർഷകൻ ടി.ഡി.റോബർട്ടിന്റെ കഠിനശ്രമം വിജയത്തിലെ സാഹചര്യത്തിലാണ് ഈ വർഷത്തെ നടീൽ ഉത്സവം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നത്. പാടത്ത് ട്രില്ലർ ഉഴുതും ഞാറ് നട്ടും കൊയ്ത്തുപാട്ടുകളും നാടൻ പാട്ടുകളും പാടിയും കളമശേരി രാജഗിരി കോളേജിലെ അറുപതോളം വരുന്ന രണ്ടാംവർഷ വിദ്യാർത്ഥികൾ നേതൃത്വം കൊടുത്തു.സഹായികളായി കാഞ്ഞൂർ സഹകരണ ബാങ്കും കേരള കർഷക സംഘവും പുതിയ മണ്ണ് കാർഷിക കൂട്ടായ്മയും എത്തി. രാജഗിരി കോളേജിലെ ഡിപ്പാർട്ട്മെന്റ് ഒഫ് സോഷ്യൽ വർക്ക് ഹെഡ് ഡോക്ടർ ഫാ. എം.കെ.ജോസഫ് കാർഷിക സദസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് പറക്കാട്ട് അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എം.ബി. ശശിധരൻ മുഖ്യാതിഥിയായി. കർഷകസംഘം ഏരിയാ ജോയിന്റ് സെക്രട്ടറി പി. അശോകൻ കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി.അഭിജിത്ത്, ആൻസി ജിജോ, പഞ്ചായത്ത് അംഗം ചന്ദ്രവതി രാജൻ, എം.ജി.ഗോപിനാഥ് , എം.കെ.ലെനിൻ, എ എ.സന്തോഷ്, രാജഗിരി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ നൈസിൽ റോമിസ് തോമസ്, ജിജി ജോർജ്, ട്രെയിനിംഗ് കോ ഓർഡിനേറ്റർ കെ.ഒ.വർഗീസ്, ഡെവലപ്മെന്റ് ഓഫീസർ സി.പി.ബിജു എന്നിവർ സംസാരിച്ചു.