murder

കൊച്ചി: നെട്ടൂരിൽ അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ സുഹൃത്തിനെ വീൽ സ്പാനറിന് അടിച്ചുകൊന്ന കേസിൽ അറസ്റ്റിലായ പാലക്കാട് പുതശ്ശേരി തെക്കേത്തറ വീട്ടിൽ സരേഷ് അയ്യപ്പനെ (32) കോടതി റിമാൻഡ് ചെയ്തു. പാലക്കാട് കൊടുങ്ങരപ്പള്ളി വടശ്ശേരിത്തൊടി വീട്ടിൽ അജയ് കുമാർ ബാലസുബ്രഹ്മണ്യമാണ് (25) കൊല്ലപ്പെട്ടത്. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് അജയിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് സുരേഷിന്റെ മൊഴി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ നെട്ടൂർ പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള കിംഗ് പാർക്ക് ലോഡ്ജിന് സമീപമായിരുന്നു അരുംകൊല. സരേഷിന്റെ ഭാര്യയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ യുവതിയും അജയ് കുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അജയിനെ കാണാൻ ഇവർ താമസസ്ഥലത്ത് നിന്ന് പോയ കാര്യം സുരേഷ് അറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.