prethikal

ആലങ്ങാട്: മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മർദ്ദനമേറ്റ് നീറിക്കോട് കൊല്ലൻപറമ്പിൽ വിമൽ കുമാർ (54) മരിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി വീട്ടിൽ നിഥിൻ (24), നീറിക്കോട് പുളിയ്ക്കപറമ്പിൽ വീട്ടിൽ തൗഫീക്ക് (22), കരുമാലൂർ തട്ടാംപടി പാണാട് ഭാഗത്ത് തൊടുവിലപ്പറമ്പിൽ വീട്ടിൽ വിവേക് (23) എന്നിവരാണ് ആലുവ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 20ന് രാത്രി ആലങ്ങാട് നീറിക്കോട് അറയിൽ റോഡിലായിരുന്നു സംഭവം. മകൻ റോഹിനെയും സുഹൃത്തിനെയും പ്രതികൾ ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വിമൽ കുമാർ മർദ്ദനമേറ്റ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് നിഥിനും തൗഫീക്കും. ഇവർക്ക് രക്ഷപ്പെടാൻ വാഹനം നൽകിയത് വിവേകായിരുന്നു.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇവരെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.