മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്ത് വടകോട് മണിയന്തടത്ത് പാറമട പ്രവർത്തനം സംബന്ധിച്ച് സെക്രട്ടറി തെളിവെടുപ്പ് നടത്തി. പാറമടയുടെ പ്രവർത്തനം ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. പ്രശ്നത്തിൽ 31നുള്ളിൽ പഞ്ചായത്ത് സെക്രട്ടറി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് കോടതി നിർദേശിച്ചിരുന്നു. കോടതി വിധി ചൂണ്ടിക്കാട്ടി തെളിവെടുപ്പിന് സെക്രട്ടറി മതിയെന്ന തീരുമാനത്തിലായിരുന്നു പ്രദേശവാസികൾ. ഇതേത്തുടർന്ന് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, പാറമട ഉൾപ്പെടുന്ന പ്രദേശത്തെ മൂന്ന് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥല സന്ദർശനം നിർത്തിവച്ചു. തുടർന്ന് സെക്രട്ടറി സ്ഥലവും പരാതിക്കാരുടെ വീടുകളും സന്ദർശിക്കുകയായിരുന്നു.