cpi
സി.പി.ഐ. എറണാകുളം ജില്ലാ സമ്മേളന വേദി

കൊച്ചി: ഒരു ദിവസത്തിലേറെ നീണ്ടുനിന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിനൊടുവിൽ എറണാകുളം ജില്ല തിരിച്ചുപിടിച്ച് കാനം പക്ഷം. സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ നേതൃത്വത്തിലുള്ള പക്ഷം മുന്നോട്ട് വച്ച കെ.എൻ. സുഗതനെ അഞ്ച് വോട്ടുകൾക്ക് പരാജയപ്പെടുത്തി കാനത്തിന്റെ കടുത്ത അനുയായിയായി അറിയപ്പെടുന്ന കെ.എം. ദിനകരനാണ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 51 അംഗ കൗൺസിലിൽ 28 വോട്ട് നേടിയാണ് ദിനകരൻ വിജയിച്ചത്. സുഗതന് 23 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

കാലങ്ങളായി കടുത്ത വിഭാഗീയത നിലനിൽക്കുന്ന ജില്ലയിൽ സമ്മേളനത്തിന് മുന്നേ തന്നെ തിരഞ്ഞെടുപ്പ് ഉറപ്പായിരുന്നു.

2015ൽ കാനം പക്ഷക്കാരനായ കെ.കെ. അഷറഫിനെ തോൽപ്പിച്ചാണ് പി. രാജു പക്ഷം എറണാകുളത്ത് ആധിപത്യം നേടിയത്. ഇതിനു ശേഷം കാനത്തെ ശക്തമായി എതിർത്ത ജില്ലയാണ് എറണാകുളം. ജില്ലാ കൗൺസിലിലും ഇവർ ഭൂരിപക്ഷം അവകാശപ്പെട്ടിരുന്നു.

ജില്ലാ കൗൺസിൽ പിടിച്ചെടുക്കാൻ കാനം പക്ഷം തുടക്കം മുതൽ തന്നെ നീക്കങ്ങൾ തുടങ്ങിയിരുന്നു. 14 മണ്ഡലം കമ്മിറ്റികളിൽ ഒൻപതും പിടിച്ചെടുത്തതോടെയാണ് ജില്ലാ കൗൺസിൽ കാനത്തിനൊപ്പം നിന്നത്. കാനത്തെ തുറന്നെതിർത്ത പി. രാജുവിന്റെ തട്ടകമായ പറവൂരിൽ നിന്നുള്ളയാളെ തന്നെ കാനം പക്ഷം സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതും ശ്രദ്ധേയമായി.

സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ഉദ്ഘാടനം മുതൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ മുഴുവൻ സമയവും പങ്കെടുത്താണ് കാനം ജില്ല തിരിച്ചുപിടിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ രാത്രി 8ന് ശേഷം അവസാനിച്ചത്. നാല് ക്ഷണിതാക്കൾ ഉൾപ്പെടെ 55 പേരാണ് ജില്ലാക്കമ്മിറ്റിയിലുള്ളത്. 15ൽ താഴെ വരുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും വോട്ടെടുപ്പ് വേണ്ടി വന്നു.

കെ.എം.ദിനകരൻ
പൊക്കാളി കൃഷി വികസന സമിതി അംഗമാണ് പുതിയ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ മത്സരിച്ചിട്ടുമുണ്ട്. എ.ഐ.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. പറവൂർ സ്വദേശിയാണ്.